ആശുപത്രി വളപ്പുകളിൽ ക്രിമിനലുകളുടെ വിളയാട്ടം
കോട്ടയം: ജില്ലയിലെ പ്രധാന ആശുപത്രികളുടെ പരിസരങ്ങൾ ക്രിമിനലുകളുടേയും സാമൂഹ്യ വിരുദ്ധരുടേയും വിഹാര കേന്ദ്രമായിട്ടും അധികാരികൾ അറിയുന്നില്ല. ജില്ലയിലെ കോട്ടയം മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രികൾ എന്നിവിടങ്ങളിൽ നിരവധി സന്നദ്ധ സംഘടനകളും രാഷ്ട്രീയ സംഘടനകളും രോഗികൾക്കും കൂട്ടിരപ്പുകാർക്കും നൽകുന്ന സൗജന്യഭക്ഷണവും വെള്ളവും കഴിച്ചാണ് ഇവരുടെ വിളയാട്ടം. ആശുപത്രി വളപ്പിൽ തന്നെ ഇവർ കിടന്നുറങ്ങുകയും ചെയ്യും. സന്നദ്ധസംഘടനകൾ വിതരണം ചെയ്യുന്ന ഭക്ഷണത്തിന് രോഗികൾക്ക് അഡ്മിറ്റാകുന്ന സമയത്ത് ലഭിക്കുന്ന കാർഡ് അല്ലെങ്കിൽ പാസ് സംഘടനാ ഭാരവാഹികളെ കാണിക്കണമെന്നാണ് നിർദേശം. എന്നാൽ, ഇതൊന്നും പാലിക്കപ്പെടാറില്ല. തിരുവനന്തപുരം സ്വദേശിയും നിരവധി ക്രിമനൽ കേസുകളിലെ പ്രതിയുമ ായയാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാതോളജി വിഭാഗം ഡോക്ടറുടെ ഡ്രൈവറെ കുത്തിയിട്ട് അധികം ദിവസമായില്ല.
അക്രമങ്ങൾ തുടർക്കഥ സർക്കാർ ആശുപത്രികളിൽ മോഷണം, ഡോക്ടർമാർക്കും ജീവനക്കാർക്ക് നേരെയുള്ള അക്രമണം എന്നിവ തുടർക്കഥയാകുകയാണ്. ചികിത്സ തേടിയെത്തുന്ന രോഗികൾ അക്രമാസക്തരാകുന്ന സംഭവങ്ങളും നിരവധിയാണ്. സുരക്ഷാ സംവിധാനങ്ങളും സി.സി.ടി.വി കാമറകളും സെക്യൂരിറ്റി ജീവനക്കാർ എന്നിവർ ഉൾപ്പെടെയുണ്ടെങ്കിലും ഇതെല്ലാം നോക്കുകുത്തികളാകുകയാണ്. ഗൈനക്കോളജി വിഭാഗത്തിൽ നിന്നും കൈക്കുഞ്ഞിനെ തട്ടികൊണ്ടുപോകാൻ ശ്രമം നടന്നതും കോട്ടയം മെഡിക്കൽ കോളേജിലാണ്. ആർക്കും എളുപ്പത്തിൽ കടന്നുചെല്ലാവുന്ന വിധത്തിലാണ് ആശുപത്രിയും പരിസരങ്ങളും. വാർഡുകളിൽ നിന്നും രോഗികളുടെ ആശ്രിതരുടെ പണവും മറ്റും മോഷണം പോകുന്നതും നിത്യസംഭവങ്ങളായിരുന്നു.
ഡോക്ടറുടെ ഡ്രൈവറെ കുത്തിയയാൾ പിടിയിൽ കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ ഡോക്ടറുടെ ഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ചയാൾ പിടിയിൽ. ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവനന്തപുരം നേമം പുത്തൻവീട്ടിൽ ചന്ദ്രനെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പതോളജി ഡോക്ടറായ നീതുവിന്റെ ഡ്രൈവറായ പത്തനംതിട്ട സ്വദേശിയായ ഷിബുവിനാണ് (51) കുത്തേറ്റത്. പതോളജിക്ക് സമീപത്തെ ഗ്രൗണ്ടിൽ കാർ പാർക്ക് ചെയ്തശേഷം ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു ഷിബു. വാഹനം പാർക്ക് ചെയ്യുന്ന സ്ഥലത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.ഷിബു ചികിത്സയിലാണ്. തിരുവനന്തപുരം ജില്ലയിൽ കൊലപാതകശ്രമം അടക്കം ആറുകേസുകളിൽ പ്രതിയാണ് ചന്ദ്രൻ. നാട്ടിൽ നിന്നു രക്ഷപ്പെട്ട ചന്ദ്രൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയാണ് താവളമാക്കിയത്. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യമായി വിതരണം ചെയ്യുന്ന ഭക്ഷണം വാങ്ങി കഴിച്ചാണ് ചന്ദ്രൻ ഇവിടെ കഴിഞ്ഞത്. ആശുപത്രി വളപ്പിൽ തന്നെയായിരുന്നു ഉറക്കം.