ഇന്ത്യ-പാക് സംഘർഷം: സൈനിക നടപടി പരിഹാരമല്ലെന്ന് യു.എൻ മേധാവി
ന്യൂയോർക്ക്: സൈനിക നടപടി ഒന്നിനും പരിഹാരമല്ലെന്ന് യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറെസ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലെ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ഗുട്ടറെസിന്റെ പ്രതികരണം. സമാധാനം പുനഃസ്ഥാപിക്കുന്നതിന് പിന്തുണ നൽകാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കണം. പഹൽഗാം ആക്രമണത്തെ ശക്തമായി അപലപിക്കുന്നു.
സാധാരണക്കാരെ ലക്ഷ്യമാക്കുന്നത് അംഗീകരിക്കാനാകില്ല. ആക്രമണത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഇരുരാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെയും പാകിസ്ഥാനിലെയും സ്ഥിതിഗതികൾ ഇന്നലെ യു.എൻ രക്ഷാ സമിതിയുടെ രഹസ്യ കൂടിയാലോചനയ്ക്കിടെ വിലയിരുത്തി. സമിതിയിലെ താത്കാലിക അംഗമായ പാകിസ്ഥാന്റെ ആവശ്യപ്രകാരമായിരുന്നു ചർച്ച.
അതിനിടെ, പാകിസ്ഥാൻ മിസൈൽ പരീക്ഷണവും നടത്തി. ഇന്നലെ 120 കിലോമീറ്റർ പ്രഹര പരിധിയുള്ള ഫത്താഹ് മിസൈൽ പരീക്ഷിച്ചെന്നാണ് പാക് സൈന്യത്തിന്റെ വാദം. കഴിഞ്ഞ ശനിയാഴ്ചയും പാകിസ്ഥാൻ മിസൈൽ പരീക്ഷണം നടത്തിയിരുന്നു. ഇതിനിടെ,പഹൽഗാം ഭീകരാക്രമണത്തിന്റെ പേരിൽ ഇന്ത്യ തങ്ങളെ അപകീർത്തിപ്പെടുത്തുന്നെന്ന് കാട്ടിയുള്ള പ്രമേയം പാക് പാർലമെന്റ് ഇന്നലെ പാസാക്കി.
ഇന്ത്യയുമായുള്ള എല്ലാ വ്യാപാരവും വിച്ഛേദിക്കാൻ പാക് വാണിജ്യ മന്ത്രാലയം ഉത്തരവിറക്കി. ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ഇസ്ലാമാബാദ് സന്ദർശനത്തിനിടെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാക്‌ചി ആവശ്യപ്പെട്ടു.
ഇതിനിടെ,പാകിസ്ഥാന് സാമ്പത്തിക സഹായം നിറുത്തണമെന്ന് ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിനോട് (എ.ഡി.ബി) ഇന്ത്യ ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകൾ പ്രചരിച്ചെങ്കിലും വാസ്തവമല്ലെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിന്റെ 58 -ാം വാർഷിക യോഗത്തിൽ പങ്കെടുക്കാൻ ഇറ്റലിയിലെ മിലാനിൽ എത്തിയ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ,എ.ഡി.ബി മേധാവി മസാറ്റോ കാന്റയോട് ധനസഹായം നിറുത്തണമെന്ന് ആവശ്യപ്പെട്ടെന്നാണ് പ്രചരിച്ചത്. 2024ലെ കണക്ക് പ്രകാരം 53 ലോണുകൾ അടക്കം 913 കോടി ഡോളർ പാകിസ്ഥാനിൽ എ.ഡി.ബിയിൽ നിന്ന് കൈപ്പറ്റിയിട്ടുണ്ട്.
തുർക്കി കപ്പൽ കറാച്ചിയിൽ
ഇന്ത്യ-പാക് സംഘർഷം രൂക്ഷമായിരിക്കെ,തുർക്കി നാവിക സേനയുടെ യുദ്ധക്കപ്പൽ കറാച്ചി തുറമുഖത്ത് എത്തി. കപ്പൽ നാളെ മടങ്ങുമെന്നാണ് വിവരം. സൗഹൃദ സന്ദർശനത്തിന്റെ ഭാഗമായാണ് കപ്പൽ എത്തിയതെന്നാണ് വിശദീകരണം. നീക്കങ്ങൾ ഇന്ത്യയുടെ നിരീക്ഷണ വലയത്തിലാണ്.