ഗാസ 'പിടിച്ചെടുക്കാൻ" ഇസ്രയേൽ, പദ്ധതിക്ക് അംഗീകാരം
ടെൽ അവീവ്: ഗാസയിൽ ഹമാസിനെതിരെ തുടങ്ങിയ യുദ്ധം വിശാലമാക്കാനുള്ള സർക്കാർ പദ്ധതിക്ക് അംഗീകാരം നൽകി ഇസ്രയേലിലെ സുരക്ഷാ ക്യാബിനറ്റ്. ഗാസയെ 'പിടിച്ചെടുത്ത്" അനിശ്ചിതകാലത്തേക്ക് സൈനിക സാന്നിദ്ധ്യം ഉറപ്പിക്കുന്നത് പദ്ധതിയുടെ ഭാഗമാണ്.
21 ലക്ഷം പാലസ്തീനികളെ ഗാസയുടെ തെക്കൻ പ്രദേശങ്ങളിലേക്ക് മാറ്റണമെന്നും പദ്ധതിയിൽ പറയുന്നു. നടപ്പാക്കപ്പെട്ടാൽ ഗാസയിലെ മാനുഷിക സാഹചര്യം തീരെ മോശമാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ അഭയാർത്ഥി ക്യാമ്പുകളിലും മറ്റുമായി ജീവിക്കുന്ന പാലസ്തീനികൾ പട്ടിണിയും രോഗങ്ങളും അടക്കം ദുരിതത്തിലൂടെയാണ് നീങ്ങുന്നത്.
ഇസ്രയേൽ വ്യോമാക്രമണങ്ങളും തുടരുന്നു. സ്വകാര്യ കമ്പനികൾ വഴി പാലസ്തീനികൾക്ക് മാനുഷിക സഹായങ്ങൾ നൽകാനും ഇസ്രയേലിന് ആലോചനയുണ്ട്. അതേ സമയം, ഇസ്രയേലിന്റെ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ഹമാസ് പ്രതികരിച്ചു. ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 52,560 കടന്നു. ഇന്നലെ മാത്രം 41 പേരാണ് കൊല്ലപ്പെട്ടത്.