വിദേശ സിനിമകൾക്ക് 100 % തീരുവ പ്രഖ്യാപിച്ച് ട്രംപ്

Tuesday 06 May 2025 7:08 AM IST

വാഷിംഗ്ടൺ: യു.എസിന് പുറത്ത് ചിത്രീകരിക്കുന്ന സിനിമകൾക്ക് 100 ശതമാനം തീരുവ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ സിനിമാ വ്യവസായം വേഗത്തിൽ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും ഹോളിവുഡിനെ രക്ഷിക്കാനാണ് നടപടിയെന്നും ട്രംപ് പറഞ്ഞു. വിഷയത്തെ ദേശീയ സുരക്ഷാ ഭീഷണിയായിട്ടാണ് കണക്കാക്കുന്നതെന്നും ട്രംപ് പറഞ്ഞു. തീരുവ നടപടികൾ അടിയന്തരമായി തുടങ്ങാൻ കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് അടക്കം ബന്ധപ്പെട്ട ഏജൻസികൾക്ക് നിർദ്ദേശം നൽകി. തീരുവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഡിസ്‌നി, വാർണർ ബ്രോസ് ഡിസ്കവറി, പാരാമൗണ്ട് ഗ്ലോബൽ തുടങ്ങിയ കമ്പനികളുടെ ഓഹരികളിൽ ഇടിവുണ്ടായി.