പരിശോധന കർശനം; പഞ്ചാബിൽ നിന്ന് വൻ ആയുധശേഖരം കണ്ടെത്തി
ചണ്ഡീഗഡ്: പഞ്ചാബിൽ നിന്ന് വൻ ആയുധശേഖരം പിടികൂടി. ഷഹീദ് ഭഗത് സിംഗ് നഗർ ജില്ലയിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഹാർഡ്‌വെയറും വെടിക്കോപ്പുകളുമൊക്കെ പിടികൂടിയത്. പഹൽഗാം ആക്രമണത്തിന് പിന്നാലെ പൊലീസും സുരക്ഷാ സേനയുമൊക്കെ രാജ്യത്ത് പരിശോധന കർശനമാക്കിയിരിക്കുകയാണ്.
ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പഞ്ചാബ് പൊലീസിന്റെ സ്റ്റേറ്റ് സ്‌പെഷ്യൽ ഓപ്പറേഷൻ സെൽ (എസ്എസ്ഒസി) കേന്ദ്ര ഏജൻസികളുമായി ചേർന്നാണ് തെരച്ചിൽ നടത്തിയത്. രണ്ട് റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകൾ (ആർപിജി), ഇംപ്രൊവൈസ്ഡ് സ്‌ഫോടകവസ്തുക്കൾ (ഐഇഡി), അഞ്ച് പി 86 ഹാൻഡ് ഗ്രനേഡുകൾ, ഒരു വയർലെസ് കമ്മ്യൂണിക്കേഷൻ സെറ്റ് എന്നിവ പിടിച്ചെടുത്തതായി പഞ്ചാബ് പൊലീസ് ഡിജിപി ട്വീറ്റ് ചെയ്തു.
ഇന്നലെ ജമ്മു കാശ്മീരിലെ പൂഞ്ചിൽ സുരക്ഷാ സേന ഭീകരരുടെ ഒളിത്താവളം തകർത്തിരുന്നു. പൂഞ്ചിൽ സുരൻകോട്ടിലെ വനപ്രദേശത്ത് സൈന്യവും ജമ്മു കാശ്മീർ പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഒളിത്താവളം കണ്ടെത്തിയത്. കൂടാതെ സ്ഫോടക വസ്‌തുക്കളും കണ്ടെത്തിയിരുന്നു.
കണ്ടെടുത്ത സ്‌ഫോടക വസ്തുക്കളിൽ മൂന്നെണ്ണം ടിഫിൻ ബോക്സുകളിലും രണ്ടെണ്ണം സ്റ്റീൽ ബക്കറ്റുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു. ഇതുകൂടാതെ രണ്ട് റേഡിയോ സെറ്റുകളും ബൈനോക്കുലറുകളും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ഏപ്രിൽ 22 ന് അനന്ത്നാഗ് ജില്ലയിലെ പഹൽഗാമിനടുത്തുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ബൈസരനിലാണ് ഭീകരാക്രമണം നടന്നത്. മലയാളിയടക്കം ഇരുപത്തിയാറ് പേർ കൊല്ലപ്പെട്ടു. ഇതിൽ ഭൂരിഭാഗവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളാണ്.