ഗുണനിലവാരമില്ലാത്ത ഫലവൃക്ഷത്തൈ വില്പന.... കരട് ബിൽ ഫ്രീസറിൽ, കർഷകർക്ക് ചതിക്കുഴി

Wednesday 07 May 2025 12:51 AM IST

കോട്ടയം : ഗുണനിലവാരമില്ലാത്ത ഫലവൃക്ഷത്തൈകളുടെ വില്പന തടയാൻ കൃഷിവകുപ്പ് തയ്യാറാക്കിയ കരട് ബിൽ രണ്ട് വർഷമായിട്ടും നിയമമാകാത്തതിനാൽ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന സംഭവങ്ങൾ ഏറുന്നു. അത്യുത്പാദനശേഷിയുള്ളതും, ചുരുങ്ങിയ കാലത്തിനുള്ളിൽ ഫലം പുറപ്പെടുവിക്കുന്നതുമായ തൈകൾ എന്ന പേരിലാണ് ഗുണനിലവാരമില്ലാത്ത തൈകളുടെ വില്പന ജില്ലയിൽ വ്യാപകമാകുന്നത്. കൃഷി വകുപ്പിൽ നിന്നുൾപ്പെടെ വിതരണം ചെയ്യുന്ന തൈകളും ഇക്കൂട്ടത്തിൽപ്പെടുന്നു. പ്ലാവ്, മാവ്, ജാതി, റംമ്പൂട്ടൻ, തെങ്ങ്, മാംഗോസ്റ്റിൻ തുടങ്ങിയ തൈകൾ, പച്ചക്കറികൾ, അലങ്കാരച്ചെടികൾ എന്നിവയ്ക്ക് വിപണിയിൽ ആവശ്യക്കാരേറെയാണ്. ഫെസ്റ്റിവൽ, മേള തുടങ്ങിയവയിൽ എത്തിക്കുന്ന തൈകൾ മാസങ്ങൾക്കുള്ളിൽ വിളവ് ലഭിക്കുമെന്ന വിശ്വസിപ്പിച്ചാണ് ആളുകളെ കബളിപ്പിക്കുന്നത്. വർഷങ്ങൾ കഴിഞ്ഞാലും കർഷകർക്ക് അതിന്റെ ഗുണം ലഭിക്കുന്നില്ല. ചില നഴ്‌സറികൾ ഹോർമോൺ കുത്തിവച്ച തൈകളാണ് വില്പന ചെയ്യുന്നത്. ഇത്തരം തൈകൾ വാങ്ങി നട്ടാൽ കായ്ഫലം ഉണ്ടാകുമെങ്കിലും ഗുണമേന്മ ഇല്ല. അന്യസംസ്ഥാനങ്ങളിൽ നിന്ന് ഗുണനിലവാരമില്ലാത്ത നടീൽ വസ്തുക്കൾ വാങ്ങി കൃഷി ചെയ്യുന്നത് ഉത്പാദനത്തെ ബാധിക്കുന്ന പശ്ചാത്തലത്തിലാണ് നിയമനിർമ്മാണം നടത്താൻ കൃഷി വകുപ്പ് തീരുമാനിച്ചത്. കൃഷിവകുപ്പ് ഡയറക്ടർ ചെയർമാനായുള്ള എട്ടംഗസമിതിയുടെ നേതൃത്വത്തിലാണ് കരട് ബിൽ സർക്കാരിന് സമർപ്പിച്ചത്.

കൂണുപോലെ നഴ്‌സറികൾ, പരിശോധനയില്ല

ഒരു വർഷം കൊണ്ട് കായ്ക്കുന്ന തൈകൾക്കാണ് ഡിമാൻഡേറെ. 500 രൂപ മുതലാണ് തൈകളുടെ വില ആരംഭിക്കുന്നത്. ഉയരത്തിന് അനുസരിച്ച് വിലയും മാറും. പ്രത്യേക മാനദണ്ഡങ്ങൾ ഇല്ലാത്തതിനാൽ കൂണുപോലെയാണ് നഴ്‌സറികൾ ആരംഭിക്കുന്നത്. കൃഷി വകുപ്പിൽ നിന്ന് ആവശ്യമായ തൈകളുടെയും നാടൻ തൈകളുടെയും ലഭ്യതക്കുറവും സ്വകാര്യ നഴ്‌സറികൾ ആരംഭിക്കാനും ഗുണനിലവാരം കുറഞ്ഞ തൈകൾ വിപണനം ചെയ്യാൻ സഹായിക്കുകയാണ്. ഏകീകൃത ലൈസൻസ് സംവിധാനമില്ലാത്തതും കൃഷി വകുപ്പിന്റെ പരിശോധന ഇല്ലാത്തതും ഇവർ‌ക്ക് വളമാകുകയാണ്.

കരടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

ഗുണമേന്മയില്ലാത്ത തൈകൾ വിൽക്കുന്നവർക്കെതിരെ പിഴയീടാക്കൽ കർഷകനുണ്ടാകുന്ന നഷ്ടത്തിന്റെ തോത് തിട്ടപ്പെടുത്തി പിഴയീടാക്കൽ സ്വകാര്യ നഴസ്‌റികൾക്ക് ഏകൃകൃത ലൈസൻസിംഗ് സംവിധാനം ഓൺലൈൻ വിത്ത് വില്പന, മൊബൈൽ നഴ്‌സറി നിയന്ത്രണം

 ''ഗുണനിലവാരമുള്ള തൈകൾ ന്യായവിലയ്ക്ക് ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണം. കൃഷി വകുപ്പിന്റെ പരിശോധനയും ലൈസൻസും കർശനമാക്കണം.

-(എബി ഐപ്പ്,കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി)