'ലാലേട്ടനാണെന്ന് വിചാരിച്ച് പോയതാണ്, പക്ഷേ..'; ആരാധകരെ ഞെട്ടിച്ച് പ്രണവ് മോഹൻലാൽ

Tuesday 06 May 2025 5:08 PM IST

ജീവിതരീതികളിലും ശെെലികളിലും പെരുമാറ്റത്തിലും മറ്റ് താരപുത്രൻമാരിൽ നിന്ന് വ്യത്യസ്തനാണ് നടൻ പ്രണവ് മോഹൻലാൽ. ഇപ്പോഴിതാ താരത്തിന്റെ ഒരു പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. അമ്മ സുചിത്രയ്‌ക്കൊപ്പം വിമാനത്താവളത്തിലെത്തിയപ്പോൾ സെൽഫിയെടുക്കാനെത്തിയ ആരാധകരോടുള്ള പ്രണവിന്റെ പെരുമാറ്റ രീതികളാണ് ചർച്ചയാകുന്നത്.

ആരാധകർക്കൊപ്പം സെൽഫിയെടുക്കാൻ വളരെ ക്ഷമയോടെ നിൽക്കുന്ന പ്രണവിനെ പുറത്തുവന്ന വീഡിയോയിൽ കാണാം. ചേർന്ന് നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ തോളിൽ കയ്യിട്ട ആരാധകനെ ചേർത്തുനിർത്തിയാണ് പ്രണവ് സ്നേഹം പ്രകടിപ്പിച്ചത്.

അമ്മ സുചിത്രയോട് അനുമതി വാങ്ങിയ ശേഷമാണ് ആരാധകർ പ്രണവിനൊപ്പം സെൽഫിയെടുക്കാനെത്തിയത്. ആരാധകർ പ്രണവിനൊപ്പം സെൽഫിയെടുക്കുന്ന സമയത്ത് മകന് വേണ്ടി സുചിത്രയും കാത്തിരിക്കുന്നുണ്ട്. ശേഷം ഇരുവരും വിമാനത്താവളത്തിന്റെ അകത്തേക്ക് കയറിപോകുന്നതും വീഡിയോയിൽ കാണാം.

'ലാലേട്ടനാണെന്ന് വിചാരിച്ച് വണ്ടിയുടെ പുറകിൽ പോയതാ.. പക്ഷേ വണ്ടിയിൽ ഉണ്ടായത് അപ്പു. സാക്ഷാൽ പ്രണവ് മോഹൻലാൽ ഒപ്പം സുചിത്ര മോഹൻലാലും', എന്ന അടിക്കുറിപ്പോടെയാണ് യൂട്യൂബിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്ക് നിരവധി കമന്റും ലെെക്കും ലഭിക്കുന്നുണ്ട്.

'ഇങ്ങനെയും പാവം ഉണ്ടാകുമോ?', 'തോളത്ത് കൈ ഇട്ടുന്നത് മോശം ആണ് പ്രണവ് ആയതുകൊണ്ട് ഒന്നും പറയില്ലാ വേറെ വെല്ലോരും ആവണം', 'അമ്മയും മകനും വളരെ സിംപിൾ ആണ്', 'കുറച്ചു ജാഡ ഒക്കെ ആവാം'- ഇങ്ങനെ പോകുന്നു കമന്റുകൾ.