സംഭരിച്ച നെല്ലിന്റെ പണമെവിടെ, തെരുവിലിറങ്ങാൻ കർഷകർ

Wednesday 07 May 2025 1:46 AM IST

കോട്ടയം : പുഞ്ചക്കൊയ്‌ത്ത് പൂർത്തിയായിട്ടും സംഭരിച്ച നെല്ലിന്റെ 80 ശതമാനം പണവും കിട്ടാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനതല തുടർസമരത്തിനൊരുങ്ങി കർഷകർ. വിവിധ ആവശ്യങ്ങളുന്നയിച്ച് നെൽകർഷക സംരക്ഷണസമിതിയും, സി.പി.എം നേതൃത്വത്തിലുള്ള കർഷകസംഘവും പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. മാർച്ച് 15 വരെ സംഭരിച്ച നെല്ലിന്റെ പണം കൊടുത്തു തീർത്തുവെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ 20 ശതമാനം മാത്രമാണ് കിട്ടിയതെന്ന് നെൽകർഷക സമരസമിതി ആരോപിക്കുന്നു. സപ്ലൈകോ നെല്ല് സംഭരിച്ചതിന്റെ രേഖയായ പി.ആർ.എസ് കാനറാ ബാങ്ക് വാങ്ങുന്നില്ല. എസ്.ബി.ഐയാകട്ടെ പണം നൽകുന്നില്ല. പല പാടശേഖരങ്ങളിലും നെല്ല് സംഭരിക്കാതെ കിടന്നു നശിക്കുകയാണ്. കൈകാര്യ ചെലവ് വർഷങ്ങളായി വർദ്ധിപ്പിച്ചിട്ടില്ല. ഒരു ക്വിന്റലിന് 250 രൂപ വരെ ചെലവ് വരുമ്പോൾ ക്വിന്റലിന് 12 രൂപയാണ് സർക്കാർ നൽകുന്നത്. നെല്ലിന്റെ താങ്ങുവിലയും വർദ്ധിപ്പിച്ചിട്ടില്ല.

സമരം ബാങ്കുകൾക്കെതിരെയെന്ന് കർഷകസംഘം

സംഭരിച്ച നെല്ലിന്റെ പണം നൽകാത്ത ബാങ്കുകൾക്കെതിരെയാണ് കർഷകസംഘത്തിന്റെ സമരപ്രഖ്യാപനം. കേരളാ ബാങ്കിന് 700 കോടി രൂപ സിവിൽ സപ്ലൈസ് നൽകാനുണ്ട്. ഈ കുടിശിക തീർത്ത് കേരളാ ബാങ്കിനെ കൺസോർഷ്യത്തിൽ ഉൾപ്പെടുത്തി മറ്റു ബാങ്കുകളുടെ കൊള്ള അവസാനിപ്പിക്കണമെന്നാവശ്യം.

കേന്ദ്രത്തെ കുറ്റപ്പെടുത്തി മന്ത്രി അനിൽ

മാർച്ച് 15 മുതൽ ഏപ്രിൽ 31 വരെ സപ്ലൈകോ സംഭരിച്ച നെല്ലിന് 660 കോടി രൂപ നൽകാനുള്ളപ്പോൾ നെല്ല് സംഭരണത്തിൽ കേന്ദ്രത്തിൽ നിന്ന് 1108 കോടി കിട്ടാനുണ്ടെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.

''ബാങ്ക് പലിശ ഉയർത്തിയതിനെ കുറ്റം പറഞ്ഞ് നെല്ല് സംഭരണ ചുമതല കൂടി ഊരാളുങ്കൽ സൊസൈറ്റിയ്ക്ക് നൽകാനുള്ള നീക്കമാണോ നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരുന്നു. സംഭരണം വേഗത്തിലാക്കാൻ മുഖ്യമന്ത്രി ഇടപെടണം.

-വി.ജെ. ലാലി (രക്ഷാധികാരി , നെൽ കർഷക സംരക്ഷണസമിതി )