ഐക്യത്തിന്റെ 'ചൊറിച്ചിൽ'
'ചുമ്മാതിരുന്ന ചൊറിയിൽ ചുണ്ണാമ്പു തേച്ച് കുളമാക്കുക" എന്ന പഴഞ്ചൊല്ല് യാഥാർത്ഥ്യമാക്കി കൂട്ടത്തോടെ മാന്തി രസിക്കുകയാണ് കോൺഗ്രസുകാർ. ആസ്വദിച്ചു ചൊറിയുമ്പോൾ മറ്റെല്ലാ കാര്യങ്ങളിൽ നിന്നും ശ്രദ്ധ മാറിപ്പോകുമെന്ന കാര്യം ഗാന്ധിയന്മാർ മറന്നുപോകുന്നു. ബ്രണ്ണൻ കോളേജിൽ പയറ്റിത്തെളിഞ്ഞ കെ.പി.സി.സി പ്രസിഡന്റ് സുധാകര ഗുരുക്കളെ ഒഴിവാക്കി വിനയവും വഴക്കവും വിധേയത്വവുമുള്ള, ലക്ഷണമൊത്ത ക്രിസ്ത്യാനിയായ ഒരാളെ ആ കസേരയിൽ ഇരുത്തണമെന്നാണ് മൂപ്പൻമാരുടെ ആഗ്രഹം. വേണമെങ്കിൽ പൊയ്‌ക്കോളാം, നാറ്റിച്ച് പുറത്താക്കരുത് എന്ന അപേക്ഷയുമായി സുധാകർജി ഹൈക്കമാൻഡിന്റെയും എ.കെ. ആന്റണിയുടെയും അടുത്തെത്തിയെങ്കിലും വലിയ പ്രതീക്ഷയ്ക്കു വകയില്ലെന്നാണ് സൂചനകൾ. കോൺഗ്രസിൽ ഒരാളെ ഒഴിവാക്കുന്നതിന് ചില രീതികളുണ്ട്. കഴിയുന്നത്ര നാറ്റിച്ച് രാജകീയമായി യാത്രയാക്കുക. അതു പാലിച്ചേ പറ്റൂ.
ലീഡർ കരുണാകരനും എ.കെ. ആന്റണിക്കും പണ്ട് ഡൽഹിക്ക് കെട്ടുകെട്ടേണ്ടിവന്നതും ഇതേ രീതിയിലാണ്. സുധാകരൻ നല്ല തങ്കപ്പെട്ട മനുഷ്യനാണെന്ന കാര്യത്തിൽ കേരളത്തിലെ നേതാക്കൾക്കോ ഹൈക്കമാൻഡിന്റെ വാർറൂം മേധാവിക്കോ ലവലേശം സംശയമില്ല. പക്ഷേ, എല്ലാറ്റിനും ഒരു സമയമില്ലേ എന്നാണ് ചോദ്യം. മൂപ്പർക്ക് പ്രായവും ആരോഗ്യപ്രശ്‌നങ്ങളും കൂടിയെന്നാണ് കണ്ടെത്തൽ. പാർട്ടി വേദികളിലേക്ക് തിരക്കിട്ട് ഓടുമ്പോൾ തട്ടിവീഴാൻ സാദ്ധ്യതയുണ്ടത്രേ. പാർട്ടി സമ്മേളനത്തിൽ ഒരു പ്രമുഖൻ കടന്നുവന്നപ്പോൾ, മൈക്ക് ഓൺ ആണെന്നറിയാതെ സുധാകർജി ചില 'സംസ്‌കൃത" പ്രയോഗങ്ങൾ നടത്തിയ കേസാണ് ലേശം ക്ഷീണമായത്. ഇഷ്ടം കൂടുമ്പോഴല്ലേ കുട്ടാ വായിൽ 'സംസ്‌കൃതം" വരികയെന്ന് ഏറ്റുപറഞ്ഞതോടെ ആ കേസ് 'കോംപ്ലിമെന്റ്‌സായി". സകല പ്രയോഗങ്ങളും പാളിയപ്പോഴാണ്, പ്രായമായതുകൊണ്ട് മാറ്റാമെന്ന പുതിയ തന്ത്രവുമായി ചിലർ രംഗത്തെത്തിയതെന്ന് സുധാകരൻ പറയുന്നതിൽ കാര്യമില്ലാതില്ല. മെയ്യ് കണ്ണാക്കിയ അഭ്യാസിയെ ലൊട്ടുലൊടുക്ക് മർമ്മാണി പ്രയോഗങ്ങൾ കൊണ്ടു വീഴ്ത്താനാവില്ലെന്നു ബോദ്ധ്യമായപ്പോൾ ആഭിചാരം നടത്തി സ്ഥിരമായി കിടത്താൻ നോക്കിയത് ആരും മറന്നിട്ടില്ല. ഇതിനു മുൻപൊരു കെ.പി.സി.സി പ്രസിഡന്റിനും ഈ ഗതിയുണ്ടായിട്ടില്ല. ലോഡുകണക്കിന് കോഴിത്തലകളാണ് സുധാകർജിയുടെ വീട്ടുപറമ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. കൂടെ കുറേ തകിടുകളും. ഇതിനായി കർണാടകത്തിൽനിന്നു വരെ കോഴികളെ എത്തിച്ചെന്ന് സുധാകർജിയുടെ സി.ഐ.ഡിമാർ കണ്ടെത്തിയിരുന്നു. തലപോയ കോഴികളുടെ ബോഡി, ബിരിയാണിയാക്കി കഴിച്ചവരെയും മൂപ്പർക്ക് പിടികിട്ടി. രാജ്‌മോഹൻ ഉണ്ണിത്താൻജിയുടെ നേതൃത്വത്തിലാണ് കോഴിത്തലകൾ പെറുക്കിയെടുത്ത് പറമ്പ് വൃത്തിയാക്കിയത്. നെറ്റിയിലെ കുറി പോയെങ്കിലും കുറിക്കുകൊള്ളുന്ന നീക്കങ്ങളിൽ മിടുമിടുക്കനാണ് ഉണ്ണിത്താൻ. സഖാക്കളോ, സംഘികളോ ഇത്രയും ശത്രുത കാട്ടില്ലെന്ന് ഉണ്ണിത്താൻ പറഞ്ഞപ്പോൾ സുധാകർജി പൊട്ടിക്കരഞ്ഞുപോയി. അതിൽപ്പിന്നെ, ക്ഷീണവും ശരീരവേദനയും വിട്ടുമാറുന്നില്ലെന്ന് പലരോടും പറഞ്ഞതാണ് പുലിവാലായത്. വയസായാൽ അങ്ങനെയാണെന്നും കുഴമ്പിട്ടു തിരുമ്മി വിശ്രമിക്കാറായെന്നും പറഞ്ഞ് ആഘോഷമാക്കുകയും ഹൈക്കമാൻഡിന് കത്തയയ്ക്കുകയും ചെയ്തു. തളർത്തി കിടത്താനായിരുന്നു ഉദ്ദേശ്യമെന്ന് അപ്പോഴാണ് മനസിലായത്. എന്തായാലും കണ്ണിൽ കൊള്ളേണ്ടത് പുരികത്തുകൊണ്ടുപോയി. കളരിപരമ്പര ദൈവങ്ങളുടെ അനുഗ്രഹം. ക്ഷമയ്ക്കു പരിധിയുണ്ട്. ഇനി പിന്നോട്ടില്ല. വേണ്ടിവന്നാൽ ഹൈക്കമാൻഡിനോടും യുദ്ധം ചെയ്യുമെന്ന് അദ്ദേഹം വ്യംഗ്യമായി പ്രഖ്യാപിച്ചുകഴിഞ്ഞു.
ഒരു നീതിമാനെ തിരിച്ചറിയാൻ സമാനഹൃദയമുള്ളവർക്കേ കഴിയൂ. നിലവിൽ അങ്ങനെ രണ്ടുപേരാണ് കോൺഗ്രസിലുള്ളത്. ലീഡറുടെ മോൻ കെ. മുരളീധരൻജിയും ഡോ. തരൂർ ശശിയും. ശശിജിക്ക് ആരെയും പേടിക്കാതെ എന്തും പറയാം. കൂടുതൽ ചോദ്യങ്ങൾ ചോദിച്ചാൽ ഇംഗ്ലീഷിൽ മറുപടി പറഞ്ഞ് നാറ്റിക്കുന്നതാണ് മൂപ്പരുടെ രീതി. പിന്നെ, അതിന് മറുപടി പറയണമെങ്കിൽ ഡിക്‌ഷണറി തപ്പി നടക്കണം. സുധാകർജി മാറേണ്ട കാര്യമില്ലെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കണമെന്നും തരൂർജി വ്യക്തമാക്കിയിട്ടുണ്ട്. ഇതേ അഭിപ്രായമാണ് മുരളിജിക്കും ഉള്ളത്.
കഠിനം, ലീഡർ
ഇല്ലാത്ത കാലം
തണുത്തുപോയ പൊറോട്ടയും തിരഞ്ഞെടുപ്പിൽ തോറ്റ നേതാവും ഒരുപോലെയാണെന്ന് കുറേക്കാലമായി കെ. മുരളീധരൻ തിരിച്ചറിയുന്നു. തണുത്തുപോയ പൊറോട്ട കോഴിക്കോടൻ മീൻ 'മെളക് "കറി കൂട്ടി കുഴച്ചിട്ടും കാര്യമില്ലെന്ന് പലരും മുനവച്ചു പറയുന്നത് മുരളിജി കേൾക്കുന്നുണ്ട്. തോൽവികളേറ്റുവാങ്ങിയ ചന്തുവിനെ പെങ്ങളൂട്ടി പോലും കൈവിട്ടു. ജീവിതത്തിൽ ആകെ ചെയ്ത തെറ്റ് ഡി.ഐ.സി എന്ന പാർട്ടിയുണ്ടാക്കിയതാണ്. അതിന് 'ഡിക്ക് "പാർട്ടിയുടെ നേതാവ് എന്ന പേരും ചാർത്തിത്തന്നു കോൺഗ്രസുകാർ. കണ്ടകശനി നെറുകയിൽനിന്ന സമയത്താവണം ആ പേരിട്ടത്. അങ്ങനെ പറയാൻ തുടങ്ങിയാൽ ആരാണ് കോൺഗ്രസുകാർ എന്നു ചോദിക്കേണ്ടിവരുമെങ്കിലും മാന്യതയുടെ പേരിൽ മുരളിജി മിണ്ടുന്നില്ല. കേരളത്തിൽ ഒരേയൊരു ഇന്ദിരാകോൺഗ്രസുകാരനെ ഉണ്ടായിരുന്നുള്ളൂ. സാക്ഷാൽ കെ. കരുണാകരൻ. ഇന്ദിരയെ തളയ്ക്കൂ ഇന്ത്യയെ രക്ഷിക്കൂ എന്നു മുദ്രാവാക്യം മുഴക്കിയവരും താടക, രാക്ഷസി എന്ന ഓമനപ്പേരിട്ടു വിളിച്ചവരുമുണ്ട്. അവരെയൊക്കെ ഇന്ദിരാകോൺഗ്രസുകാരാക്കിയത് ലീഡറാണ്. കാലം കടന്നുപോയപ്പോൾ അവരൊക്കെ ഹൈക്കമാൻഡിന്റെ അടുത്തയാളുകളായി. വടകരയിൽനിന്ന് തൃശൂരിൽകൊണ്ടുവന്നു നിറുത്തി എല്ലാവരും കൂടി എട്ടുനിലയിൽ പൊട്ടിച്ചെങ്കിലും അങ്ങനെയങ്ങ് പേടിച്ചോടുന്നവനല്ല ലീഡറുടെ മോൻ. തോൽവികളേറ്റുവാങ്ങിയ ചന്തുവിനെ ചതിച്ചവർ എല്ലാം സ്വന്തമാക്കിയപ്പോൾ മുരളിക്കുട്ടന് സ്വന്തമായൊരു ഗ്രൂപ്പുപോലും ഇല്ലാതായി. അച്ഛൻ മുഖ്യമന്ത്രിയും മകൻ എം.പിയും ആയ ഒരു കാലമുണ്ടായിരുന്നു. മുനീർ സാഹിബിനെ സഹോദരൻ എന്നു വിളിച്ചിരുന്ന ആ ബിരിയാണിക്കാലം ഓർക്കുമ്പോൾ ഗദ്ഗദങ്ങൾ സ്വാഭാവികം.
അതുകൊണ്ടുതന്നെ, എല്ലാവരും ചേർന്ന് തോൽപ്പിക്കാൻ നോക്കുന്ന കെ.പി.സി.സി പ്രസിഡന്റ് സുധാകരനോട് മുരളിജിക്ക് സ്‌നേഹവും സഹതാപവുമുണ്ട്. പുതിയൊരു ഗ്രൂപ്പിനും സാദ്ധ്യത തെളിയുന്നു. പാർട്ടിക്ക് അടുത്തകൊല്ലം ഭരണം കിട്ടുമ്പോൾ ആരാവണം മുഖ്യമന്ത്രിയെന്ന കാര്യത്തിൽ ചർച്ചകൾ കൊഴുക്കുകയാണ്. സമയമാകുമ്പോൾ ഡൽഹിയിൽ നിന്നൊരാൾ അവതരിക്കുമോയെന്ന ആശങ്ക പൊതുവേയുണ്ട്. ഇതുവരെ ഘടകകക്ഷികളുടെ ഔദാര്യത്തിൽ മുഖ്യമന്ത്രിസ്ഥാനം ലഭിച്ച കോൺഗ്രസ്, ഇത്തവണ പ്രമുഖ ഘടകക്ഷിയുടെ നേതാവിനെ മുഖ്യനാക്കണമെന്ന നിർദ്ദേശവും ഉയർന്നിട്ടുണ്ട്. അതിന് ജയിക്കുക എന്നതാണ് പ്രധാനം. ഐക്യം ഇതുപോലെ പൂത്തുലയുമ്പോൾ അതിനു സാദ്ധ്യത എത്രത്തോളമെന്ന ചോദ്യം ബാക്കി. വിഴിഞ്ഞത്ത് സംഘികളും സഖാക്കളും തമ്മിലുള്ള ഇരിപ്പുവശം സകലർക്കും ബോദ്ധ്യമായിട്ടും ഗാന്ധിയന്മാർക്ക് പിടികിട്ടിയിട്ടില്ല.