പടിക്കെട്ടുകൾ കയറി തളരും
എരുമേലി : ആധാരം രജിസ്റ്റർ ചെയ്യാൻ എരുമേലി സബ് രജിസ്ട്രാർ ഓഫീസിലേക്ക് എത്തുന്ന പ്രായമായവരെ കാത്തിരിക്കുന്നത് ദുരിതം. രണ്ടാംനിലയിൽ പ്രവർത്തിക്കുന്ന ഓഫീസിൽ പടിക്കെട്ടുകൾ കയറി എത്തുമ്പോഴേക്കും പലരും അവശരാകും. ഭിന്നശേഷിക്കാരും സമാന അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഇതിനു പരിഹാരമായി സബ് രജിസ്ട്രാറിനുമാത്രം താഴെ ഒരു മുറി നൽകുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ദിനംപ്രതി വിവിധ ആവശ്യങ്ങൾക്കായി നിരവധിപ്പേരാണ് എത്തുന്നത്. രക്തസമ്മർദം, പ്രമേഹം ഉൾപ്പെടെയുള്ളവർ മുകളിലേക്കുള്ള പടിക്കെട്ടുകൾ ഏറെ ആയാസത്തോടെയാണ് കയറുക. ഇത് പലപ്പോഴും ശാരീരിക അവസ്ഥയെ അപകടകരമാക്കും.
ഭിന്നശേഷിക്കാർക്ക് ദുരിതം
ഭിന്നശേഷിക്കാർക്ക് മുകളിൽ എത്തണമെങ്കിൽ ആരെങ്കിലും കനിയണം. പലപ്പോഴും സബ് രജിസ്ട്രാർ താഴേക്ക് ഇറങ്ങി വന്ന് ഫയൽ നൽകി പ്രായമായവരുടെയും ഭിന്നശേഷിക്കാരുടെയും അരികിൽ എത്തി ഒപ്പ് വാങ്ങേണ്ട സ്ഥിതിയാണ്. ഇതിനായി ഏറെ സമയം കാത്തുനിൽക്കേണ്ടി വരാറുമുണ്ട്.
സബ് രജിസ്ട്രാർ ഓഫീസ് ഭിന്നശേഷി സൗഹൃദമാ ക്കാൻ അടിയന്തര നടപടി സ്വീകരിക്കണം.
നാട്ടുകാർ