'നാളെ സൈറൺ മുഴങ്ങുമ്പോൾ വേഗം പ്രവർത്തിക്കണം, ചെറിയൊരു തീപ്പൊരി പോലും ശത്രുവിനെ ക്ഷണിച്ചുവരുത്തും'
തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനുമായി സംഘർഷം തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര നിർദ്ദേശപ്രകാരം ബുധനാഴ്‌ച വൈകിട്ട് നാലിന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മോക് ഡ്രിൽ നടത്തും. രാജ്യത്തുടനീളം നാളെത്തന്നെയാണ് നടക്കുന്നത്. യുദ്ധമുണ്ടായാൽ ജനങ്ങളുടെ സുരക്ഷിതത്വത്തിനുള്ള ദേശീയതല മുന്നൊരുക്കത്തിന്റെ ഭാഗമായാണിത്.
സൈറൺ മുഴങ്ങുമ്പോൾ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് കേന്ദ്ര സർക്കാർ വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയുടെ സുരക്ഷ ആരംഭിക്കുന്നത് അതിർത്തിയിൽ നിന്നല്ല, നിങ്ങളിൽ നിന്നാണെന്ന് വീഡിയോയിൽ പറയുന്നു. ലൈറ്റുകളും ഫാനുകളും ഇലക്‌ട്രിക് ഉപകരണങ്ങളുമെല്ലാം ഓഫ് ചെയ്‌ത് ജനാലകൾ അടച്ച് കർട്ടനുകൾ ഇടണം, ഒരുതരി വെട്ടം പോലും ശത്രുവിന്റെ ലക്ഷ്യമായേക്കാം, ഇത് ഭീതിപ്പെടുത്തലല്ല തയ്യാറെടുപ്പാണെന്നും വീഡിയോയിൽ പറയുന്നു.
Black out action plan on 07.05.2025#blackout #mockdrill #CivilDefence #Staywell Please Share 🙏🏼 pic.twitter.com/jpHraiwg6g
— Staywell Technologies (@StaywellTech) May 6, 2025
എല്ലാ ജില്ലകളിലും കളക്ടർമാർക്കാണ് ചുമതല. പൊതുജനങ്ങൾ സഹകരിക്കണമെന്നും ആശങ്കപ്പെടരുതെന്നും ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് അറിയിച്ചു. 1971ൽ ഇന്ത്യാ പാക് യുദ്ധത്തിന് മുമ്പാണ് രാജ്യത്ത് ഏറ്റവുമൊടുവിൽ മോക് ഡ്രിൽ നടത്തിയത്.
സൈറൺ മുഴങ്ങും
- മോക് ഡ്രില്ലിന്റെ ഭാഗമായി മുന്നറിയിപ്പ് നൽകുന്ന സൈറൺ മുഴക്കും. അതിനുമുമ്പ് ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ അനൗൺസ് ചെയ്യും. മൊബൈലിലും ലഭ്യമാക്കും.
- പൊലീസ്, ആരോഗ്യം,റവന്യു, ഫയർഫോഴ്സ്, ദുരന്തനിവാരണം തുടങ്ങിയ വിഭാഗങ്ങൾ ഡ്രില്ലിൽ പങ്കാളികളാകും.
- സംസ്ഥാനങ്ങളിലെ സിവിൽ ഡിഫൻസ് സംവിധാനങ്ങൾ വിലയിരുത്താനും പോരായ്മകൾ പരിഹരിക്കാനുമാണ് ഡ്രിൽ നടത്തുന്നത്. സുരക്ഷിതമായി ജനങ്ങളെ ഒഴിപ്പിക്കുന്നതടക്കം ഇതിന്റെ ഭാഗമാണ്.