'ഇന്ത്യയുടെ വെള്ളം ഇന്ത്യക്ക്, ഇനി വിദേശത്തേക്ക് ഒഴുകില്ല'; സിന്ധു നദീജല കരാറില്‍ പ്രധാനമന്ത്രി

Tuesday 06 May 2025 10:13 PM IST

ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ കര്‍ശനമായ നടപടികള്‍ ഇന്ത്യ സ്വീകരിച്ചിരുന്നു. അക്കൂട്ടത്തിലൊന്നാണ് പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ റദ്ദാക്കിയത്. ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശത്തേക്ക് ഒഴുകിയിരുന്ന ഇന്ത്യയിലെ വെള്ളം ഇനി ഇവിടത്തന്നെ ഒഴുകും. പാകിസ്ഥാനെതിരായ നടപടികളുടെ ഭാഗമായി സിന്ധു നദീ കരാര്‍ മരവിപ്പിച്ചത് ഇന്ത്യയ്ക്ക് ഗുണമാകും.

ഇന്ത്യയിലെ വെള്ളം പുറത്തേക്കാണ് ഇതുവരെ ഒഴുകിയിരുന്നത്. ആ വെള്ളം ഇനി മുതല്‍ ഇന്ത്യക്കാര്‍ക്ക് പ്രയോജനം ലഭിക്കും വിധം ഇവിടെ ഒഴുകും. പതിറ്റാണ്ടുകളായി, നമ്മുടെ നദികളിലെ ജലം സംഘര്‍ഷത്തിനും ഇടയാക്കുന്നു. അതു പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് നദികളെ ബന്ധിപ്പിക്കാനുള്ള പദ്ധതി നടന്നുവരികയാണ്. പദ്ധതി ദശലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യും.

2014ല്‍, തന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ രാജ്യത്ത് ജനാധിപത്യവും വികസനവും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുമോ എന്ന് ചിലര്‍ സംശയിച്ചിരുന്നു. കഴിഞ്ഞ ദശകത്തില്‍ 25 കോടി ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചതടക്കം നിര്‍ണായക വികസന നേട്ടങ്ങള്‍ ജനാധിപത്യത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സന്ദേശമാണ്- പ്രധാനമന്ത്രി നരേന്ദ്രമോദി

സിന്ധു നദീജല കരാര്‍ റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ യുദ്ധ പ്രഖ്യാപനമെന്നാണ് പാകിസ്ഥാന്‍ വിശേഷിപ്പിച്ചത്. പാകിസ്ഥാന്റെ കാര്‍ഷിക, ഊര്‍ജ്ജ മേഖലകളിലെ ആവശ്യത്തിന് കരാറിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്ന് ലഭിച്ചിരുന്ന ജലമാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയുടെ പുതിയ തീരുമാനം പാകിസ്ഥാന് വലിയ തിരിച്ചടിയാണ് വിവിധ മേഖലകളില്‍ സമ്മാനിക്കുന്നത്.