മലയോര മേഖലകളിൽ ജലക്ഷാമം രൂക്ഷം പദ്ധതികൾ പാതി വഴിയിൽ

Wednesday 07 May 2025 12:11 AM IST
ജൽ ജീവൻ മിഷൻ

കണ്ണൂർ: ഉയർന്ന പ്രദേശമായ മലയോര മേഖലകളിൽ വേനൽ കടുക്കുമ്പോൾ ജലക്ഷാമം രൂക്ഷമാകുന്നതിനെ നേരിടാൻ തയ്യാറാക്കിയ മലയോര കുടിവെള്ള പദ്ധതികളെല്ലാം പാതി വഴിയിലായത് മലയോര ജനതയെ ആശങ്കയിലാക്കുന്നു. ജൽ ജീവൻ പദ്ധതി, ഞറുക്കുമല കുടിവെള്ള പദ്ധതി, പയ്യന്നൂർ ശുദ്ധജല പദ്ധതി തുടങ്ങി വിവിധങ്ങളായ പദ്ധതികൾ വിഭാവനം ചെയ്തിരുന്നെങ്കിലും എങ്ങുമെത്താത്ത അവസ്ഥയാണ്.

71 പഞ്ചായത്തുളിൽ ശുദ്ധജലമെത്തിക്കാൻ ആരംഭിച്ച ജൽജീവൻ മിഷൻ പദ്ധതി പൂർത്തിയായിരിക്കുന്നത് 26 പഞ്ചായത്തുകളിൽ മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട വിഷയം കേരള കൗമുദി നേരത്തെ തന്നെ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.

ജില്ലയിലെ മലയോര പഞ്ചായത്തുകളിൽ പ്രധാനമായ ചപ്പാരപ്പടവ് പഞ്ചായത്തിൽ സ്ഥിതി രൂക്ഷമാണ്. മലയോര പ്രദേശത്തിന്റെ തുടക്കം കൂടിയായ ചപ്പാരപ്പടവ് പഞ്ചായത്തിൽ എല്ലാ വർഷവും ജലക്ഷാമം അനുഭവപ്പെടാറുണ്ടെന്നും ഈ വർഷവും രൂക്ഷമായ ജലക്ഷാമത്തിനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നുമാണ് പ്രദേശവാസികളും അധികൃതരും പറയുന്നത്. എന്നാൽ ഇതിനെ പ്രതിരോധിക്കാൻ വേണ്ട ഇടപെടലുകളൊന്നും ഫലവത്താകുന്നില്ലെന്നാണ് പൊതുവെയുള്ള പരാതി. കാലാകലങ്ങളിൽ ജലക്ഷാമം നേരിടുന്ന മലയോരത്തെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം എന്നതാണ് ജൽജീവൻ ഉൾപ്പെടെയുള്ള പദ്ധതികൾ കൊണ്ട് ഉദ്ദേശിച്ചിരുന്നത്.

പാതി വഴിയിലായ പദ്ധതികൾ

ജൽജീവൻ മിഷൻ

3535.52 കോടി ഭരണാനുമതിയിൽ പ്രവർത്തനം ആരംഭിച്ച ജലജീവൻ മിഷന് ചപ്പാരപ്പടവ് പഞ്ചായത്തിൽ 65 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് നടത്തേണ്ടത്. എന്നാൽ പ്രവർത്തനങ്ങൾ എങ്ങുമെത്താതിന്റെ ബുദ്ധിമുട്ടിലാണ് ജനങ്ങൾ. പദ്ധതി പൂർത്തിയാവുകയാണെങ്കിൽ പഞ്ചായത്തിലെ മൂന്ന് മുതൽ ഏഴ് വരെ വാർഡുകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമായിരുന്നു. പദ്ധതിക്കായി പാക്കഞ്ഞിക്കാട്, കട്ടയാൽ, വിളയാർങ്കോട് എന്നിവിടങ്ങളിൽ ഓവർ ഹെഡ് ടാങ്കുകളും എടക്കോം പള്ളിക്ക് സമീപം ബീസ്റ്റർ സ്റ്റേഷനുകളും ആരംഭിക്കാനുള്ള പ്രവർത്തികൾ നടക്കുന്നതേ ഉള്ളൂ.

പയ്യന്നൂർ ജലപദ്ധതി

അടിസ്ഥാന സൗകര്യങ്ങളെല്ലാം പൂർത്തിയായിട്ടും ജലശേഖരണത്തിനാവശ്യമായ കിണർ നിർമ്മിക്കാൻ കഴിയാത്തതിൽ പാതി വഴിയിലായ പദ്ധതിയാണ് പയ്യന്നൂർ. പദ്ധതിയുടെ ഭാഗമായി 14 ദശലക്ഷം ലിറ്റർ ശേഷിയുള്ള ജല ശുദ്ധീകരണ ശാല ചപ്പാരപ്പടവ് മഠത്തട്ടിൽ പണിതിരുന്നു. ഇതിലേക്കാവശ്യമായ വെള്ളം ശേഖരിക്കാവുന്ന കിണർ നിർമ്മാണം ന‌ടക്കാത്തതാണ് പദ്ധതിക്ക് വിനയായത്. ജനങ്ങളുടെ എതിർപ്പാണ് കിണർ നിർമ്മിക്കാൻ സാധിക്കാത്തതിന് കാരണമെന്നാണ് അധികാരികൾ വ്യക്തമാക്കുന്നത്. പുഴയിൽ തടയണ നിർമ്മിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

ഞറുക്കുമല കുടിവെള്ള പദ്ധതി

ചപ്പാരപ്പടവ് ഞറുക്കുമല പ്രദേശത്ത് 30 ലക്ഷം രൂപ മുടക്കിൽ അമ്പതിലേറെ കുടുംബങ്ങൾക്ക് ജലമെത്തിക്കാൻ ഉദ്ദേശിച്ച് തുടങ്ങിയ പദ്ധതിയാണ് ഇത്. ടാങ്കിന്റെയും കുളത്തിന്റെയും പണി പൂർത്തിയായെന്നാണ് അധികൃതർ പറയുന്നത്. 2005ലെ ജനകീയാസൂത്രണത്തിൽ പെടുത്തി നിർമ്മിച്ച കുളത്തിന്റെ ആഴം കൂട്ടിയാണ് ആവശ്യമായ ജലം കണ്ടെത്തുന്നത്. ജൽ ജീവൻ മിഷൻ എത്താത്തിടത്താണ് പദ്ധതിയുടെ പ്രവർത്തനം.

ഡിസംബറിന് മുന്നേ ജില്ലയിലെ ജൽ ജീവന്റെ മുഴുവൻ പ്രവർത്തികളും പൂർത്തിയാകും. പ്രവ‌ർത്തനങ്ങളെല്ലാം സമയബന്ധിതമായി തീർക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. -ജൽജീവൻ മിഷൻ അധികൃതർ