'എന്റെ കേരളം' പ്രദർശന മേളയ്ക്ക് ആവേശത്തുടക്കം
ആലപ്പുഴ: രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ച 'എന്റെ കേരളം' പ്രദർശന-വിപണന മേള മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. മേള ആസ്വദിക്കാൻ ആയിരങ്ങളാണ് ബീച്ചിലേക്ക് ഇന്നലെ ഒഴുകിയെത്തിയത്. മധ്യവേനലവധി ആഘോഷിക്കാൻ ബീച്ചിലെത്തിയ കുട്ടികൾക്ക് മേളയിൽ ഒരുക്കിയ കളിസ്ഥലം കൗതുകമായി. അത്യാധുനിക ജർമൻ ഹാംഗറിൽ ഒരുങ്ങിയ പവലിയനിൽ 200 ശീതീകരിച്ച സേവന വിപണന സ്റ്റാളുകളാണുള്ളത്. രാവിലെ 10 മുതൽ രാത്രി 9 മണിവരെയാണ് പ്രവർത്തനം. കേരളത്തിന്റെ വികസനങ്ങൾ കണ്ടറിയാനുള്ള സൗകര്യങ്ങൾ വിവിധ വകുപ്പുകൾ പവലിയനിൽ ഒരുക്കിയിട്ടുണ്ട്. സ്വകാര്യ സ്റ്റാളുകളും മേളയിലുണ്ട്. ഭക്ഷ്യമേളയും വിവിധ വിപണന സ്റ്റാളുകളിൽ ഒരുക്കിയിട്ടുണ്ട്. വൈകുന്നേരങ്ങളിൽ കലാപരിപാടികളുമുണ്ട്.
ത്രീ സിക്സ്റ്റി സെൽഫി പോയിന്റ്
പി.ആർ.ഡിയുടെ ത്രീ സിക്സ്റ്റി സെൽഫി പോയിന്റിൽ വീഡിയോ എടുക്കാൻ വൻ തിരക്കാണ്. വൃത്താകൃതിയിൽ ത്രീ ഡയമൻഷനിൽ കറങ്ങുന്ന വീഡിയോയാണ് വാട്സ് അപ്പ് നമ്പർ നൽകിയാൽ അതിവേഗം ലഭ്യമാക്കുക. ജില്ലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ചിത്രപ്രദർശനവും വീഡിയോ പ്രദർശനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഓരോ വിഷയങ്ങളുമായി ബന്ധപ്പെട്ട ബോക്‌സ് വച്ചാൽ അതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കുന്ന വീഡിയോ, സ്പർശിക്കാതെ താളുകൾ മറിയുന്ന പുസ്തകം തുടങ്ങിയ കൗതുകങ്ങളുമുണ്ട്.