ആനപ്പന്തി ബാങ്കിലെ മുക്കുപണ്ട തട്ടിപ്പ്: മുഖ്യപ്രതി മൈസൂരുവിൽ പിടിയിൽ
ഇരിട്ടി: ആനപ്പന്തി സർവീസ് സഹകരണ ബാങ്കിന്റെ കച്ചേരികടവ് ശാഖയിലെ മുക്കുപണ്ട തട്ടിപ്പ് കേസിലെ മുഖ്യപ്രതി സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി സുധീർ തോമസ് (52) കർണാടകയിൽ പിടിയിലായി. ബാങ്കിൽ തട്ടിപ്പു നടത്തിയശേഷം ഇക്കഴിഞ്ഞ രണ്ടിനു രാവിലെയാണ് പ്രതി താക്കോലും ബാഗും മൊബൈലും ബാങ്കിനു മുന്നിൽ വച്ചശേഷം ഒളിവിൽ പോയത്.
ബാങ്കിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ച പണയം വച്ചിരുന്ന 18 പാക്കറ്റ് സ്വർണ്ണം മാറ്റി പകരം മുക്കുപണ്ടം വച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം ലഭിച്ചിട്ടുണ്ട്. തട്ടിപ്പിൽ ബാങ്കിന് 60 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിരിക്കുന്നതായാണ് സെക്രട്ടറിയുടെ പരാതി.
ബാങ്കിൽ പണയം വച്ചിരുന്ന ഒരാൾ സ്വർണ്ണം തിരികെ എടുക്കാൻ എത്തിയതോടെയാണു തട്ടിപ്പ് പുറത്തുവന്നത്. പ്രതി ഇടപെട്ട് തൂക്കം നോക്കുന്ന ത്രാസ് പ്രവർത്തിക്കുന്നില്ലെന്നു പറഞ്ഞ് ആദ്യദിവസം സ്വർണ്ണം തിരികെ എടുക്കാൻ വന്നയാളെ മടക്കിയിരുന്നു. പിന്നീട് പണയം വച്ച അത്രയും സ്വർണ്ണം ഇരിട്ടിയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ നിന്നും വാങ്ങി ബാങ്കിൽ തിരികെ വച്ചു. ഇതിന്റെയും സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെയാണു മുഖ്യപ്രതി മുങ്ങിയത്.
ഇരിട്ടി ഡിവൈ.എസ്.പി ധനഞ്ജയ ബാബുവിന്റെ നിർദ്ദേശപ്രകാരം ഇരിട്ടി സി.ഐ കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മൈസൂരുവിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇരിട്ടി സ്റ്റേഷനിൽ എത്തിച്ച പ്രതിയെ ചോദ്യം ചെയ്തതിൽ ബാങ്കിൽ നടത്തിയ ക്രമക്കേടുകൾ പൊലീസിനോട് സമ്മതിച്ചു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. അന്വേഷണ സംഘത്തിൽ ഇരിട്ടി സ്റ്റേഷൻ എസ്.ഐ രാജ് നവാസ്, സീനിയർ പൊലീസ് ഓഫീസർമാരായ അബ്ദുൾ നവാസ്, എ.എം. ഷിജോയ് ഡിവൈ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘം എന്നിവർ ഉണ്ടായിരുന്നു.
തട്ടിപ്പിന് മുഖ്യപ്രതിക്ക് സഹായിയായി പ്രവർത്തിച്ച കൂട്ടുപ്രതിയായ പ്രാദേശിക കോൺഗ്രസ് നേതാവ് സുനീഷ് തോമസിനെ കോടതി നേരത്തെ റിമാൻഡ് ചെയ്തിരുന്നു.
ഹോട്ടൽ ജീവനക്കാരനായി മൈസൂരുവിൽ
കർണാടകയിലെ മൈസൂരുവിൽ ഹോട്ടൽ ജീവനക്കാരനായി കയറിയ പ്രതിയെക്കുറിച്ച് പൊലീസിനു ലഭിച്ച രഹസ്യ വിവരമാണ് ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഇയാളെ കണ്ടെത്താൻ സഹായിച്ചത്. ഹോട്ടലിൽ മുഴുവൻ സമയം മാസ്ക് വച്ച് ജോലിചെയ്യുന്നത് കണ്ട് സംശയം തോന്നിയ മലയാളിയായ ഹോട്ടൽ ഉടമ കേരളത്തിലെ സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കണ്ണൂരിലെ ബാങ്ക് തട്ടിപ്പുമായി സംശയം തോന്നിയ ഉദ്യോഗസ്ഥൻ ഇരിട്ടി സി.ഐ കുട്ടികൃഷ്ണനുമായി ബന്ധപ്പെട്ടു. ഹോട്ടൽ അധികൃതർ നൽകിയ ഫോട്ടോ കണ്ട് പ്രതിയെ ഇരിട്ടി പൊലീസ് തിരിച്ചറിഞ്ഞു. പ്രതിക്ക് യാതൊരു സംശയവും തോന്നാത്ത രീതിയിൽ ഇരിട്ടിയിൽ നിന്നെത്തിയ പ്രത്യേക അന്വേഷണസംഘം ഹോട്ടലിൽ നിന്നു തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സാമ്പത്തിക നേട്ടം ഒന്നും ഉണ്ടായിട്ടില്ലെങ്കിലും ശാഖാ മാനേജർ ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്. മാനേജർക്കെതിരെ കേസെടുക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും
സി.ഐ. കുട്ടികൃഷ്ണൻ