നെൽവിലയിലെ വായ്‌പ പ്രതിസന്ധി,​ കുട്ടനാട്ടിലെ കർഷകർ ആശങ്കയിൽ

Wednesday 07 May 2025 1:53 AM IST

ആലപ്പുഴ: പുഞ്ചക്കൃഷിയുടെ നെല്ല് സംഭരണം അവസാനഘട്ടത്തിലെത്തുകയും രണ്ടാം കൃഷിയുടെ പ്രാരംഭ നടപടികൾ ആരംഭിക്കുകയും ചെയ്തിരിക്കെ പി.ആർ.എസ് വായ്പയ്ക്ക് ബാങ്കുകളുമായുളള കരാ‌ർ പുതുക്കൽ വൈകുന്നത് പ്രതിസന്ധിയായി.

95 ശതമാനത്തോളം വിളവെടുപ്പ് പൂർത്തിയായ കുട്ടനാട് മേഖലയിൽ രണ്ടാം കൃഷിയുടെ വിത അടുത്തമാസം ആദ്യം ആരംഭിക്കാനിരിക്കെയാണ് പുത്തൻ പ്രതിസന്ധി കർഷകർക്ക് തിരിച്ചടിയായത്.

പലിശ നിരക്കിനെചൊല്ലിയുള്ള തർക്കത്തിൽ സപ്ളൈകോയുമായുള്ള കരാർ കാനറാ ബാങ്ക് പുതുക്കാതിരിക്കുകയും എസ്.ബി.ഐയുടെ കരാർ കാലാവധി ഈമാസം അവസാനിക്കുകയും ചെയ്യുന്നതോടെ നെൽകർഷകർ ആകെ അകപ്പെട്ടിരിക്കുകയാണ്.

ബാങ്കുമായുള്ള കരാർ കാലാവധി അവസാനിച്ചതിനാൽ മാർച്ച് 31ന് ശേഷമുള്ള പി.ആർ.എസ് പേയ്മെന്റുകളിൽ കാനറാ ബാങ്ക് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. എസ്.ബി.ഐയുടെ കരാർ കാലാവധി അവസാനിക്കാൻ മൂന്നാഴ്ച കൂടി ബാക്കിയുണ്ടെങ്കിലും മുൻ സീസണുകളിലെ വായ്പാത്തുകയും പലിശയും കുടിശികയായി തുടരവേ,​ നെൽവില വിതരണത്തിനുള്ള ഫണ്ടും ബാങ്കുകളുടെ പക്കലില്ല. ഇതോടെ,​ ഈ സീസണിൽ നെൽവില വിതരണം ഇനിയും ആരംഭിക്കാൻ കഴിയാത്ത സാഹചര്യമാണ്.

കരാ‌ർ പുതുക്കൽ വൈകുന്നു

1.കുട്ടനാട് മേഖലയിൽ നിന്ന് ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 95175 മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. ഇതിൽ 599 കർഷകർക്കായി കാനറാ ബാങ്കിന് 5.28 കോടിയുടെയും 482 കർഷകർക്കായി എസ്.ബി.ഐയ്ക്ക് 4.07 കോടിയുടെയും പേയ്മെന്റ് ഓ‌ർഡറാണ് നൽകിയിട്ടുള്ളത്

2.മദ്ധ്യവേനലവധിക്ക് പിന്നാലെ സ്കൂൾ തുറപ്പും രണ്ടാംകൃഷിയ്ക്കുള്ള ഒരുക്കങ്ങളുമൊക്കെയായി കുട്ടനാട്ടിലുൾപ്പെടെ കർഷകർ പണത്തിന് നെട്ടോട്ടമോടുമ്പോഴാണ് അദ്ധ്വാനത്തിനുള്ള പ്രതിഫലമായ നെൽ വില വിതരണവും അനിശ്ചിതത്ത്വത്തിലായത്

3.കഴിഞ്ഞ സീസണുകളിൽ പുഞ്ചകൃഷിയുടെ നെൽ വില വിതരണത്തിലുണ്ടായ കാലതാമസം കാരണം കുട്ടനാട്ടിൽ പ്രസാദ് എന്ന കർഷകന്റെ ആത്മഹത്യചെയ്തിരുന്നു. എന്നിട്ടും നെല്ല് വില യഥാസമയം ലഭ്യമാക്കാൻ സർക്കാരും സപ്ളൈകോയും യാതൊരു നടപടിയും കൈക്കൊള്ളുന്നില്ല

4. നെൽവില വിതരണം അനിശ്ചതമായി നീളുന്നതിനാൽ,​ പുഞ്ചകൃഷിക്ക് പണം പലിശയ്ക്കെടുത്ത കർഷകരിൽ പലരും പലിശഭാരത്തിൽ പൊറുതിമുട്ടുകയാണ്. വിളവെടുപ്പ് പൂർത്തിയാക്കി ഒന്നര രണ്ടുമാസം പിന്നിട്ടിട്ടും നെൽവില ലഭ്യമാക്കാൻ നടപടികളില്ലാത്തതാണ് തിരിച്ചടിയായത്

5.പഴയ വായ‌്പ നിലനിൽക്കുന്നതിനാൽ ബാങ്കുകൾ പുതിയത് അനുവദിക്കുന്നില്ല. പാട്ട കൃഷിക്കാ‌ർക്ക് പാട്ടത്തുക നൽകി കരാർ പുതുക്കാതെ രണ്ടാം കൃഷി ചെയ്യാനാവില്ല. സപ്ളൈകോ കുടിശിക തുക നൽകിയാൽ തന്നെ ബാങ്കുകളുമായി സർക്കാർ ധാരണ പത്രം പുതുക്കിയാലേ പണം ലഭിക്കൂ

.............................

ബാങ്കുകൾക്ക് ലഭിച്ച

പേ ഓ‌ർ‌‌ഡറുകൾ

(മേയ് രണ്ടുവരെ)

ആകെ പേയ്മെന്റ് രസീത്..... 9.35 കോടി

കാനറാ ബാങ്ക് .............................5.28 കോടി

കർഷകർ........................................599

എസ്.ബി.ഐ ...............................4.07 കോടി

കർഷകർ.........................................482

ആകെ സംഭരിച്ച നെല്ല് .....95175 മെട്രിക് ടൺ

നെല്ല് വില വിതരണം ചെയ്യേണ്ട ബാങ്കുകളുടെ കൺസോർഷ്യത്തിലുൾപ്പെട്ട കാനറാ ബാങ്കുമായുള്ള കരാർ ഒരുമാസം കഴിഞ്ഞിട്ടും പുതുക്കാനോ ബാങ്കുകൾക്ക് നൽകാനുള്ള കുടിശിക നൽകി കർഷകർക്ക് നെല്ലിന്റെ വില ലഭ്യമാക്കാനോ സർക്കാർ തയ്യാറാകാത്തത് കർഷകദ്രോഹ നടപടിയാണ്

- നെൽകർഷക സംരക്ഷണ സമിതി