യു.എൻ രക്ഷാസമിതിയിൽ ഒറ്റപ്പെട്ട് പാകിസ്ഥാൻ
ന്യൂയോർക്ക്: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ തിരിച്ചടി ശക്തമാക്കുന്നതിനിടെ, യു.എൻ രക്ഷാ സമിതിയിൽ ഒറ്റപ്പെട്ട് പാകിസ്ഥാൻ. 15 അംഗ രക്ഷാസമിതിയിൽ താത്കാലിക അംഗമാണ് പാകിസ്ഥാൻ. പാകിസ്ഥാന്റെ അഭ്യർത്ഥന പ്രകാരം തിങ്കളാഴ്ച പഹൽഗാം വിഷയത്തിൽ സമിതിയിൽ കൂടിയാലോചന നടന്നിരുന്നു. എന്നാൽ, ഇന്ത്യയ്ക്കെതിരെ അന്താരാഷ്ട്ര പിന്തുണ നേടുക എന്ന ലക്ഷ്യത്തോടെ നടത്തിയ പാക് നീക്കം അവർക്ക് തന്നെ തിരിച്ചടിയായി.
രക്ഷാ സമിതിയിൽ നിലവിൽ ഇന്ത്യയുടെ സാന്നിദ്ധ്യമില്ലാത്തതിനാൽ അവസരം മുതലെടുക്കാനാണ് പാകിസ്ഥാൻ ശ്രമിച്ചത്. സമിതിയിലെ മറ്റ് അംഗങ്ങളിൽ നിന്ന് കടുത്ത ചോദ്യങ്ങളാണ് പാകിസ്ഥാന് നേരിടേണ്ടി വന്നത്. പഹൽഗാം ആക്രമണത്തിൽ ലഷ്‌കറിന്റെ പങ്കിനെക്കുറിച്ച് അംഗങ്ങൾ പാക് പ്രതിനിധിയോട് ചോദിച്ചു. ആക്രമണത്തിന്റെ പേരിൽ തങ്ങളെ പഴിചാരുന്നു എന്നടക്കം പാകിസ്ഥാൻ ഇന്ത്യക്കെതിരെ ഉന്നയിച്ച ആരോപണങ്ങളും സമിതി അംഗങ്ങൾ തള്ളി. 90 മിനിറ്റോളം നീണ്ട ചർച്ചകൾക്കൊടുവിൽ ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെടുകയും ചെയ്തു.