ഓപ്പൺ ഫ്രെയിം അന്താരാഷ്ട്ര ചലച്ചിത്രോത്സവം തുടങ്ങി
പയ്യന്നൂർ: ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റി നാലുദിവസങ്ങളിലായി ശ്രീവത്സം ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പത്താമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി. പ്രസിദ്ധ ചലച്ചിത്ര സംവിധായകൻ ആനന്ദ് പട്വർദ്ധൻ ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വസുധൈവ കുടുംബകം മേളയുടെ ഉദ്ഘാടനചിത്രമായി പ്രദർശിപ്പിച്ചു. ആനന്ദ് പട്‌വർദ്ധനും കവി അൻവർ അലിയുമായുള്ള സംഭാഷണവും ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്നു.
സി.വി. ബാലകൃഷ്ണൻ, പി.എൻ. ഗോപീകൃഷ്ണൻ, സംവിധായിക ശിവരഞ്ജിനി, സി. മോഹനൻ, ആർ. നന്ദലാൽ പ്രസംഗിച്ചു. ഉദ്ഘാടന ചടങ്ങിൽ എഫ്.എഫ്.എസ്.ഐ വിജയ് മുലെയ് പുരസ്‌കാരം കെ. രാമചന്ദ്രന്, ആനന്ദ് പട്‌വർദ്ധൻ സമ്മാനിച്ചു. ഫിലിം സൊസൈറ്റി ഫെഡറേഷൻ സമ്മാനിക്കുന്ന 2023, 2024 വർഷങ്ങളിലെ ഏറ്റവും മികച്ച സിനിമയ്ക്കുള്ള ജോൺ എബ്രഹാം പുരസ്‌കാരവും ചടങ്ങിൽ സമ്മാനിച്ചു.
പി. പ്രേമചന്ദ്രൻ രചിച്ച 'സിനിമ എന്ന രൂപകം' എന്ന കൃതിയുടെ പ്രകാശനം ആനന്ദ് പട്‌വർദ്ധൻ സംവിധായിക ശിവരഞ്ജിനിക്ക് നൽകി നിർവഹിച്ചു. അരവിന്ദന്റെ കുമ്മാട്ടി എന്ന ചിത്രത്തിന്റെ 45ാം വാർഷികവുമായി ബന്ധപ്പെട്ട് ചലച്ചിത്ര നിരൂപകൻ സി.എസ് വെങ്കിടേശ്വരന്റെ പ്രഭാഷണവും സിനിമയുടെ റീമാസ്റ്റർ ചെയ്ത പതിപ്പിന്റെ പ്രദർശനവും ചലച്ചിത്രമേളയിലുണ്ടാകും.
കുമ്മാട്ടിയിൽ അഭിനയിച്ച കട്ട്യേടത്തി വിലാസിനി, അശോക് ഉണ്ണികൃഷ്ണൻ തുടങ്ങിയവരെ മേളയുടെ ഭാഗമായി ആദരിക്കും.
മേളയിലെ ഓപ്പൺ ഫോറത്തിന്റെ ഉദ്ഘാടനം നിരൂപകനും എഴുത്തുകാരനുമായ വി.കെ. ജോസഫ് ഇന്ന് നിർവഹിക്കും.
ചലച്ചിത്രമേളയിൽ മലയാള സിനിമ, ഇന്ത്യൻ സിനിമ, ലോക സിനിമ എന്നീ വിഭാഗങ്ങളിലായി സമീപകാലങ്ങളിൽ ശ്രദ്ധേയമായ ഇരുപതോളം സിനിമകൾ മലയാളം സബ്‌ടൈറ്റിലുകളോടെ പ്രദർശിപ്പിക്കും. ദിവസവും രാവിലെ 9 മുതൽ രാത്രി 9 മണിവരെയായി അഞ്ച് സിനിമകളാണ് പ്രദർശിപ്പിക്കുക. സിനിമയുമായി ബന്ധപ്പെട്ട സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഓപ്പൺ ഫോറം, സംവിധായകരുമായുള്ള മുഖാമുഖം എന്നിവയും ഉണ്ടാകും.
മേളയുടെ സമാപന സമ്മേളനം 9ന് വൈകീട്ട് ടി.ഐ മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്ര സംവിധായകൻ ഡോ. ബിജു മുഖ്യാതിഥിയാകും.