എസ്.എസ്.കെയുടെ നേതൃത്വത്തിൽ സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററുകൾ

Wednesday 07 May 2025 12:27 AM IST

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസവകുപ്പ് സമഗ്രശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ സ്‌കിൽഡെവലപ്‌മെന്റ് സെന്ററുകൾ ആരംഭിക്കുന്നു. യുവജനങ്ങളുടെ തൊഴിൽ നൈപുണി വികസിപ്പിക്കുകയും ആധുനിക തൊഴിൽമേഖലകളിൽ സജ്ജരാക്കുകയുമാണ് ലക്ഷ്യം. സ്റ്റാർസ്‌പദ്ധതിയിൽ ഉൾപ്പെടുത്തി 210 സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററുകളാണ് തുടങ്ങുക. 210 എസ്.ഡി.സികളിലായി 420 നൈപുണി പരിശീലനബാച്ചുകൾ ആരംഭിക്കും. ഓരോ ബാച്ചിലും 25 പേർക്ക് പ്രവേശനം. ആദ്യ ബാച്ചിൽ 10,500 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കാനുതകുന്ന കോഴ്സുകളുണ്ട്. ആധുനിക തൊഴിൽമേഖലകളെ പ്രതിനിധീകരിക്കുന്നതാണ് കോഴ്സുകൾ. പരിശീലനശേഷം കേന്ദ്ര അംഗീകൃത സർട്ടിഫിക്കറ്റുകൾ ലഭിക്കും. ഓരോ സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററിനും പരിശീലനത്തിനും ഉപകരണങ്ങൾക്കുമായി 21.5 ലക്ഷം വീതം 45 കോടിയലധികം രൂപ നൽകി. നാളെ മുതൽ സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററുകളിൽനിന്നും അപേക്ഷാഫോം ലഭിക്കും. എസ്.എസ്.കെയുടെ വെബ്സൈറ്റിൽ നിന്നും അപേക്ഷഫോം ഡൗൺലോഡ് ചെയ്യാം. അവസാന തീയതി:15. 16,17 തീയതികളിൽ അഭിമുഖം. 21ന് ക്ലാസുകൾ ആരംഭിക്കും. സ്‌കൂൾ അവധിക്കാലത്ത് ആഴ്ചയിൽ അഞ്ചുദിവസം പരിശീലനമുണ്ടായിരിക്കും. തുടർന്ന് ശനി,ഞായർ ദിവസങ്ങളിലും പൊതു,പ്രാദേശികാവധി ദിവസങ്ങളിലുമായിരിക്കും പരിശീലനമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.