യുദ്ധ വിമാനങ്ങൾ അണിനിരക്കും, പാക് അതിർത്തിയിൽ ഇന്ന് വ്യോമസേനയുടെ അഭ്യാസം
ന്യൂഡൽഹി: പ്രകോപനം തുടരുന്ന പാകിസ്ഥാനുള്ള മുന്നറിയിപ്പെന്നോണം രാജസ്ഥാനിലെ അന്താരാഷ്ട്ര അതിർത്തിയിൽ ഇന്ത്യൻ വ്യോമസേന വൻ സൈനിക അഭ്യാസം നടത്തും. രാത്രി 9ന് തുടങ്ങി വ്യാഴാഴ്ച പുലർച്ചെ വരെ അഭ്യാസങ്ങൾ നീണ്ടുനിൽക്കും. ഈ സമയത്ത് അതിർത്തിക്ക് സമീപത്തെ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ നിറുത്തിവയ്ക്കും. വ്യോമ പാത അടയ്ക്കും.
ഫ്രാൻസിൽ നിന്ന് വാങ്ങിയ അത്യാധുനിക റഫാലിന് പുറമെ മിറാഷ് 2000, സുഖോയ് -30 എന്നിവയുൾപ്പെടെ എല്ലാ മുൻനിര വിമാനങ്ങളും ആഭ്യാസത്തിൽ പങ്കെടുക്കും. പഹൽഗാം ആക്രമണത്തെത്തുടർന്ന് പാകിസ്ഥാനുമായുള്ള സംഘർഷാവസ്ഥ നിലനിൽക്കെ, സൈനിക ശക്തി പരീക്ഷിക്കുന്ന നടപടിയായാണ് അഭ്യാസത്തെ വിലയിരുത്തുന്നത്.
ഭീകരനെന്ന് സംശയിക്കുന്നയാൾ
പിടിയിൽ
പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ഭീകരനെന്ന് സംശയിക്കുന്നയാൾ പിടിയിൽ. അഹമ്മദ് ബിലാലെന്നയാളാണ് പിടിയിലായത്. ബൈസരൺവാലിയിൽ നിന്ന് ബുള്ളറ്റ് പ്രൂഫ് ധരിച്ച നിലയിലാണ് ഇയാളെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസിനു കൈമാറി. ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഇയാൾ അവ്യക്തമായ ഉത്തരമാണ് നൽകുന്നതെന്നും ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതിനിടെ അതിർത്തിയിൽ പാക് പ്രകോപനം തുടരുകയാണ്. പലയിടത്തും വെടിവെയ്പുണ്ടായി. ഇന്ത്യ അതിശക്തമായി തിരിച്ചടിക്കുന്നുണ്ട്.
പാക് പൗരൻ പിടിയിൽ
പൂഞ്ചിൽ നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരനെ ഇന്ത്യൻ സൈന്യം പിടികൂടി. 26 വയസുണ്ടെന്ന് കരുതുന്നയാളെ ഇന്ത്യൻ പ്രദേശത്തേക്ക് പ്രവേശിച്ചയുടൻ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യും. സമാനമായി അതിർത്തി കടന്ന മറ്റൊരു പാക് പൗരനെ അതിർത്തി സുരക്ഷാ സേന (ബി.എസ്.എഫ്) കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു.