ഹൈക്കോടതി വിധി റദ്ദാക്കി: എം.എൽ.എയായി രാജയ്‌ക്ക് തുടരാം
ന്യൂഡൽഹി: ദേവികുളം നിയമസഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ 2023 മാർച്ച് 20ലെ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. സി.പി.എമ്മിലെ എ.രാജയ്‌ക്ക് എം.എൽ.എയായി തുടരാം. എം.എൽ.എ എന്നനിലയിലുള്ള എല്ലാ ആനുകൂല്യങ്ങൾക്കും സത്യപ്രതിജ്ഞ ചെയ്‌ത അന്നുമുതൽ രാജ അർഹനാണെന്നും ജസ്റ്റിസുമാരായ അഭയ് എസ്.ഓക, അഹ്സാനുദ്ദിൻ അമാനുള്ള, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇതോടെ തടഞ്ഞുവച്ചിരുന്ന ആനുകൂല്യങ്ങളെല്ലാം രാജയ്‌ക്ക് ലഭിക്കും.
രാജ ഹിന്ദുപറയ സമുദായ അംഗമല്ല പരിവർത്തിത ക്രിസ്‌ത്യാനിയാണെന്നും, പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത് മത്സരിക്കാൻ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്ന് സുപ്രീംകോടതി വിലയിരുത്തി. രാജയ്ക്കെതിരെ ഹർജി നൽകിയ യു.ഡി.എഫ് സ്ഥാനാർത്ഥി ഡി.കുമാറിന് ആരോപണങ്ങൾ സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞില്ലെന്നും നിരീക്ഷിച്ചു.
ക്രിസ്തുമതത്തിലേക്ക് മാറിയ രാജയ്ക്ക് സംവരണ മണ്ഡലത്തിൽ മത്സരിക്കാനാവില്ലെന്നായിരുന്നു കുമാറിന്റെ വാദം. അതേസമയം, തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന കുമാറിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. രാജ നൽകിയ അപ്പീലിൽ 2023 ഏപ്രിൽ 28ന് ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.
ഹർജിയിലെ പോരായ്‌മ
രാജയ്ക്ക് അനുകൂലമായി
രാജയുടെ ജാതി സർട്ടിഫിക്കറ്ര് റദ്ദാക്കണമെന്ന് ഹൈക്കോടതിയിലെ ഹർജിയിൽ ഒരിടത്തും ഡി.കുമാർ ആവശ്യപ്പെട്ടിരുന്നില്ലെന്ന് സുപ്രീംകോടതി വിലയിരുത്തി. കൃത്യമായ വസ്‌തുതയും തെളിവും വ്യക്തമാക്കണായിരുന്നു. ഹർജിക്കാരന്റെ വാദങ്ങൾക്കപ്പുറം സഞ്ചരിച്ച് തീരുമാനമെടുക്കാൻ കോടതിക്കാവില്ല. രാജയ്‌ക്ക് ജാതി സർട്ടിഫിക്കറ്റ് അനുവദിച്ച അധികൃതരുടെ മൊഴി ഹൈക്കോടതി രേഖപ്പെടുത്തിയില്ല. ഈ സാഹചര്യത്തിൽ രാജയുടെ ഹിന്ദു പറയൻ ജാതി നിലനിറുത്തുകയാണ്. ജാതി സർട്ടിഫിക്കറ്റ് നിയമപരമാണോ തുടങ്ങിയ കാര്യങ്ങളിലേക്ക് കടക്കുന്നില്ല. അക്കാര്യം ചോദ്യം ചെയ്യപ്പെട്ടാൽ മെറിറ്റിൽ തന്നെ കോടതികൾ പരിഗണിക്കണമെന്നും നിർദ്ദേശിച്ചു.
''സുപ്രീംകോടതി വിധി ജനാധിപത്യത്തിന്റെ വിജയം ഒരിക്കൽക്കൂടി ഉറപ്പിക്കുന്നതാണ്. വിധിയുടെ പശ്ചാത്തലത്തിൽ മേഖലയിൽ നിലനിൽക്കുന്ന ജാതി സർട്ടിഫിക്കറ്റ് സംബന്ധിച്ച പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് കരുതുന്നത്
-എ.രാജ എം.എൽ.എ
''പോരാട്ടം അവസാനിപ്പിക്കില്ല. ജനങ്ങളെ ബോദ്ധ്യപ്പെടുത്തും
-ഡി.കുമാർ,
യു.ഡി.എഫ് സ്ഥാനാർത്ഥി
7848
2021ലെ തിരഞ്ഞെടുപ്പിൽ
രാജയുടെ ഭൂരിപക്ഷം