പഹൽഗാം: ഇന്റലിജൻസ് വിവരം മോദി മറച്ചുവച്ചെന്ന് ഖാർഗെ

Wednesday 07 May 2025 12:58 AM IST

ന്യൂഡൽഹി: പഹൽഗാമിൽ ഭീകരാക്രമണം നടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചെന്നും അത് സുരക്ഷാ സേനയ്‌ക്ക് കൈമാറിയില്ലെന്നും ആരോപിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. റാഞ്ചിയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ഖാർഗെ.

ആക്രമണത്തിന് മൂന്ന് ദിവസം മുമ്പ്, പ്രധാനമന്ത്രി മോദിക്ക് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിരുന്നതായി ഞാൻ പത്രങ്ങളിൽ വായിച്ചു. അതേ തുടർന്ന് അദ്ദേഹം ജമ്മു കാശ്‌‌മീരിൽ നടത്താനിരുന്ന യാത്ര മാറ്റിവച്ചു. രഹസ്യാന്വേഷണ വിവരങ്ങൾ എന്തുകൊണ്ട് പൊലീസിനും സുരക്ഷാ സേനയ്ക്കും കൈമാറിയില്ലെന്നും ഖാർഗെ ചോദിച്ചു. വിവരം അറിയാമായിരുന്നെങ്കിൽ സുരക്ഷ വർദ്ധിപ്പിക്കാമായിരുന്നു.

26 നിരപരാധികൾ കൊല്ലപ്പെട്ട ഏപ്രിൽ 22 ന് നടന്ന ഭീകരാക്രമണത്തിൽ ഇന്റലിജൻസ് വീഴ്‌ചയുണ്ടായെന്ന് സർക്കാർ സമ്മതിച്ചു. എന്തുകൊണ്ട് വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കിയില്ലെന്നും അദ്ദേഹം ചോദിച്ചു. അതേസമയം പാകിസ്ഥാനെതിരായ ഏതൊരു നടപടിക്കും കോൺഗ്രസ് സർക്കാരിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

ആരോപണം നടത്തിയ ഖാർഗെ 'ആധുനിക കാലത്തെ മിർ ജാഫർ" ആണെന്ന് ബി.ജെ.പി വക്താവ് സി.ആർ. കേശവൻ പറഞ്ഞു. പ്രധാനമന്ത്രിക്കെതിരെ വിഷലിപ്തവും അടിസ്ഥാനരഹിതവുമായ ആരോപണമാണ് ഖാർഗെ നടത്തിയത്. പരാമർശങ്ങൾ മാപ്പർഹിക്കാത്തതും ന്യായീകരിക്കാനാവാത്തതുമാണ്. 1757-ൽ ബംഗാളിലെ നവാബ് സിറാജ്-ഉദ്-ദൗളയെ വഞ്ചിച്ച് ബ്രിട്ടീഷുകാരെ സഹായിച്ച മിർ ജാഫറിനെപ്പോലെയാണ് ഖാർഗെയുടെ പ്രസ്‌താവന. ഖാർഗെ അവകാശവാദങ്ങൾ തെളിയിക്കാൻ ആവശ്യമായ തെളിവ് ഹാജരാക്കുകയോ നിരുപാധികം മാപ്പ് പറയുകയോ വേണമെന്നും കേശവൻ ആവശ്യപ്പെട്ടു.