വൈബായി പൂരം

Wednesday 07 May 2025 12:50 AM IST

രാവിലെ എട്ടോടെ ശ്രീമൂല സ്ഥാനത്ത് നിന്നായിരുന്നു പൂരത്തുടക്കം. ശ്രീമൂല സ്ഥാനവും പരിസരവും തിങ്ങി നിറഞ്ഞിരുന്നു. തോളിൽ മേൽമുണ്ടും കെെയിൽ വിശറിയും നിലയുറപ്പിച്ചിരിക്കുന്നവരുടെ വലിയ കൂട്ടം. കണിമംഗലം ശാസ്താവ് തെക്കേ ഗോപുരനട കടന്ന് പടിഞ്ഞാറെ നടയിലെത്തിയപ്പോൾ മേളത്തിൽ ലയിച്ച പുരുഷാരത്തിന്റെ കാഴ്ച്ച. കിഴക്കേ ഗോപുരനടയിൽ നിന്നും പടിഞ്ഞാറെ ഗോപുരനടയിൽ നിന്നും ഘടകപൂരങ്ങൾ ഒരോന്നായി കയറി വരുന്നതിനിടയിലാണ് ചെമ്പൂക്കാവ് ഭഗവതി തെച്ചിക്കോട്ടുക്കാവ് രാമന്റെ ശിരസിലേറി വരുന്ന വാർത്ത പരന്നത്. ഇതോടെ ആനക്കമ്പക്കാരുടെ കുതിപ്പ്. ഇതിനിടയിൽ മഠത്തിൽ വരവിൽ നിന്ന് തിരുവമ്പാടിയുടെ വരവറിയിച്ച് വെടിമുഴക്കം. അവിടെ എത്തുമ്പോഴേക്കും പഴയ നടക്കാവിൽ നിന്ന് ഒരടി മുന്നോട്ട് നീങ്ങാനാവാത്ത സ്ഥിതി. പഞ്ചവാദ്യത്തിനടുത്ത് എത്തിയതോടെ പ്രത്യേക അനുഭൂതി. ഇതിനിടെ പാറമേക്കാവിന്റെ പുറപ്പാട് തുടങ്ങാറായെന്ന് ഒരു കൂട്ടർ. ഇതോടെ ചിലർ തിരുവമ്പാടിയിൽ നിന്ന് പാറമേക്കാവിന്റെ മുന്നിലേക്കുള്ള യാത്ര. 15 ആനകളോടെ എഴുന്നള്ളിപ്പ് പ്രൗഢോജ്ജ്വലമായിരുന്നു. ഇലഞ്ഞിത്തറയിലെത്തിപ്പോൾ അവിടെയും മേളാസ്വാദകരുടെ തിക്കുംതിരക്കും. ഒടുവിൽ തെക്കേ ഗോപുരനടയിലെ കുടമാറ്റം അതുക്കും മേലേയായിരുന്നു. കൂട്ടായ്മയുടെ പൂരത്തിന്റെ പകലിന് തിരശീല വീണ നിമിഷങ്ങൾ. പകൽ പൂരത്തിന്റെ ആസ്വാദനത്തിന്റെ ക്ഷീണത്തിൽ പലരും കിട്ടിയ സ്ഥലങ്ങളിരുന്ന് ആശ്വാസം കൊള്ളുന്ന കാഴ്ച്ചകൾ. ഒപ്പം രാത്രി പൂരത്തിനായുള്ള കാത്തിരിപ്പും.

അർജുൻ പാണ്ഡ്യൻ ജില്ലാ കളക്ടർ