അടിയന്തര സാഹചര്യത്തെ നേരിടാൻ രാജ്യമെമ്പാടും ഇന്ന് മോക് ഡ്രിൽ

Wednesday 07 May 2025 1:09 AM IST

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ഥാനുമായുള്ള ബന്ധം വഷളായിരിക്കെ യുദ്ധസാഹചര്യമുണ്ടായാൽ സ്വീകരിക്കേണ്ട പ്രതിരോധ നടപടികളുടെ ബോധവത്ക്കരണം ലക്ഷ്യമിട്ട് ഇന്ന് രാജ്യമെമ്പാടും സിവിൽ ഡിഫൻസ് സുരക്ഷാ അഭ്യാസം(മോക് ഡ്രിൽ) നടത്തും. രാജ്യത്തെ 244 സിവിൽ ഡിഫൻസ് ജില്ലകളിലാണ് നടപടി ആലോചിക്കുന്നതെങ്കിലും എല്ലാ സംസ്ഥാനങ്ങളിലും മോക് ഡ്രിൽ നടപ്പാക്കുമെന്നറിയുന്നു.

എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സിവിൽ ഡിഫൻസ് സംവിധാനങ്ങളുടെ സന്നദ്ധത വിലയിരുത്താനും ന്യൂനതകൾ പരിഹരിക്കാനും ലക്ഷ്യമിട്ടാണ് അഭ്യാസമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. ശത്രു ആക്രമണത്തെ പ്രതിരോധിക്കാൻ സാധാരണക്കാർക്ക് പരിശീലനം നൽകലാണ് ലക്ഷ്യമെന്നും അറിയിപ്പിലുണ്ട്. ജനങ്ങളിൽ പരിഭ്രാന്തി സൃഷ്‌ടിക്കുന്നത് ഒഴിവാക്കാൻ പാകിസ്ഥാനുമായുള്ള സംഘർഷം പരാമർശിച്ചിട്ടില്ല. 1971ൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധത്തിന് മുന്നോടിയായാണ് ഒടുവിൽ രാജ്യത്തെ ഇത്തരം പ്രതിരോധ സുരക്ഷാ നടപടിയുണ്ടായത്.

കേന്ദ്ര നിർദേശ പ്രകാരം ജില്ലാ കൺട്രോളർ, വിവിധ ജില്ലാ അധികാരികൾ, സിവിൽ ഡിഫൻസ് വാർഡന്മാർ, വളണ്ടിയർമാർ, ഹോം ഗാർഡുകൾ, എൻ.സി.സി, എൻ.എസ്.എസ്, നെഹ്‌റു യുവ കേന്ദ്ര, കോളേജ്, സ്കൂൾ വിദ്യാർത്ഥികൾ എന്നിവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്ന് കേന്ദ്ര നിർദ്ദേശമുണ്ട്.

മോക് ഡ്രിൽ ലക്ഷ്യങ്ങൾ:

വ്യോമാക്രമണ മുന്നറിയിപ്പ് സംവിധാനങ്ങളുടെ ഫലപ്രാപ്തി വിലയിരുത്തുക വ്യോമാക്രമണമുണ്ടാകുമ്പോൾ സ്വീകരിക്കേണ്ട പ്രതിരോധ നടപടികളെക്കുറിച്ച് ആളുകളെ ബോധവത്‌ക്കരിക്കുക. വ്യോമാക്രമണമുണ്ടാകുമ്പോൾ കെട്ടിടത്തിന്റെ മറ, അടിപ്പാതകൾ, കാർ പാർക്കിംഗുകൾ തുടങ്ങിയവ ഉപയോഗിക്കാൻ ജനങ്ങൾക്ക് പരിശീലനം നൽകൽ.

 ക്രാഷ് ബ്ളാക്ക് ഔട്ട്: രാത്രി വ്യോമാക്രമണമുണ്ടാകുമ്പോൾ ഒരു മേഖലയിലെ എല്ലാ വെളിച്ചവും ഒന്നിച്ച് ഓഫ് ചെയ്യുന്ന നടപടി. വാഹനങ്ങളുടെ ലൈറ്റുകളും അണയ്‌‌ക്കണം.

 വ്യോമതാവളങ്ങൾ, ഫാക്‌ടറികൾ, റെയിൽ യാർഡുകൾ തുടങ്ങിയ പ്രധാന സ്ഥലങ്ങളെ ശത്രുക്കളിൽ നിന്ന് മറയ്‌ക്കൽ.

 രക്ഷാപ്രവർത്തകരുടെയും അഗ്നിശമന സേനാംഗങ്ങളുടെയും തയ്യാറെടുപ്പും കെട്ടിടങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് ഒഴിപ്പിക്കൽ നടപടികളും ഡ്രില്ലിൽ പരിശോധിക്കും. പ്രാഥമിക ചികിത്സ നൽകുന്നതിലും പരിശീലനം നൽകും.

 അലാറം മുഴക്കൽ: ശത്രുവിമാനം വരുന്ന വിവരം വ്യോമസേന പ്രാദേശിക സിവിൽ ഡിഫൻസ് നിയന്ത്രണ കേന്ദ്രങ്ങളെ അറിയിക്കുന്നതോടെ മുന്നറിയിപ്പ് സൈറൻ മുഴക്കും.

ആദ്യം തയ്യാറെടുപ്പിനുള്ള അലാറം, സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങാനുള്ള രണ്ടാമത്തെ അലറാം, ഭീഷണി ഒഴിവായെന്ന് സൂചിപ്പിക്കുന്ന മൂന്നാം അലാറം എന്നിങ്ങനെയാണത്.

കേന്ദ്ര സർക്കാർ സിവിൽ ഡിഫൻസ് പരിപാടികൾ നടപ്പിലാക്കുന്ന നിയുക്ത പ്രദേശങ്ങളാണ് സിവിൽ ഡിഫൻസ് ജില്ലകൾ. യുദ്ധങ്ങൾ, വ്യോമാക്രമണങ്ങൾ, മിസൈൽ ആക്രമണങ്ങൾ, ഭീകരാക്രമണങ്ങൾ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ തയ്യാറെടുപ്പിനുള്ളകേന്ദ്രങ്ങളായി ഈ ജില്ലകൾ പ്രവർത്തിക്കുന്നു. വിഭവങ്ങൾ സംഘടിപ്പിക്കുക, സിവിലിയന്മാരെയും വളണ്ടിയർമാരെയും പരിശീലിപ്പിക്കുക, വിവിധ ഏജൻസികൾക്കിടയിലെ പ്രതികരണങ്ങൾ ഏകോപിപ്പിക്കുക എന്നിവ ഈ ജില്ലകൾ കേന്ദ്രീകരിച്ചാണ് നടപ്പാക്കുക.