'നീതി നടപ്പാക്കി' സൈന്യം, പാകിസ്ഥാനിലും പാക് അധിനിവേശ കാശ്‌മീരിലും തിരിച്ചടി നൽകി ഇന്ത്യ

Wednesday 07 May 2025 2:38 AM IST

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി പാകിസ്ഥാന് നൽകി ഇന്ത്യ. പാകിസ്ഥാനിലും പാക് അധിനിവേശ കാശ്‌മീരിലുമുള്ള ഭീകരരുടെ കേന്ദ്രങ്ങളിലാണ് ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' എന്ന് പേരിട്ട സൈനിക നടപടി വഴി തിരിച്ചടി നൽകിയത്. ഭീകരരുടെ കേന്ദ്രങ്ങളായ ഒൻപത് ഇടങ്ങളിലാണ് ഇന്ത്യൻ സൈന്യം തിരിച്ചടി നൽകിയിരിക്കുന്നത്. അതേസമയം നടന്നത് മിസൈൽ ആക്രമണമാണെന്ന് പാകിസ്ഥാൻ മാദ്ധ്യമങ്ങൾ സ്ഥിരീകരിച്ചു.

ബഹാവൽപൂർ, മുസാഫറാബാദ്, കോട്‌ലി, മുറിഡ്‌കെ എന്നിവിടങ്ങളിൽ ആക്രമണമുണ്ടായതായി പാകിസ്ഥാനിൽ മാദ്ധ്യമ റിപ്പോർട്ടുകളുണ്ട്. അതേസമയം പാകിസ്ഥാനിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഓപ്പറേഷൻ സിന്ദൂറിന്റെ കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നും വിവരമുണ്ട്. 'നീതി നടപ്പാക്കി, ജയ് ഹിന്ദ്' എന്നാണ് എക്‌സിൽ സൈന്യം ഈ സൈനിക നടപടിയെ കുറിച്ച് അറിയിച്ചത്. ഏപ്രിൽ 22നാണ് 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ആക്രമണം ഉണ്ടായത്. ശേഷം ഇന്ത്യ പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകുമെന്ന് അറിയിച്ചിരുന്നു.

സിന്ധു നദീജല കരാറിൽ നിന്ന് പിന്മാറിയും പാകിസ്ഥാനിലേക്ക് പോകേണ്ട ജലം തടഞ്ഞും ഇന്ത്യ സൈനികപരമല്ലാത്ത തിരിച്ചടികൾ കഴിഞ്ഞ ദിവസങ്ങളിൽ നൽകിയിരുന്നു. മാത്രമല്ല പാക് പൗരന്മാരെ തിരികെ അയച്ചും ആശയവിനിമയമടക്കം നിർത്തലാക്കിയും നടപടി കടുപ്പിച്ചു. ഇതിനിടെയാണ് അൽപം മുൻപ് ഭീകരകേന്ദ്രങ്ങളിൽ തിരിച്ചടി നൽകിയത്.

ഇന്ത്യയ്‌ക്ക് നേരെ തിരിച്ചടിയ്‌ക്കുമെന്ന് പാകിസ്ഥാൻ അറിയിച്ചിട്ടുണ്ട്. അതിർത്തി മേഖലയിൽ പാകിസ്ഥാൻ ഷെല്ലിംഗ് നടത്തുന്നതായാണ് വിവരം. ഉറിയിലാണ് കനത്ത ഷെല്ലിംഗ് നടക്കുന്നത്. ലാഹോർ,​ സിയാൽകോട്ട് വിമാനത്താവളങ്ങൾ പാകിസ്ഥാൻ അടച്ചു. ഈ മേഖലയിൽ ജനങ്ങൾക്ക് പാകിസ്ഥാൻ മുന്നറിയിപ്പ് നൽകിയതായാണ് സൂചന. ജമ്മു കാശ്‌മീരിലും പഞ്ചാബിലുമടക്കമുള്ള വ്യോമസംവിധാനങ്ങൾക്ക് ഇന്ത്യ സൈനിക നടപടിക്ക് പിന്നാലെ ജാഗ്രതാ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.