അനധികൃത കുടിയേറ്റം: സ്വമേധയാ രാജ്യംവിടാൻ 1,​000 ഡോളർ ഓഫർ

Wednesday 07 May 2025 6:56 AM IST

വാഷിംഗ്ടൺ: സ്വമേധയാ രാജ്യംവിടാൻ തയ്യാറാകുന്ന അനധികൃത കുടിയേറ്റക്കാർക്ക് 1,000 ഡോളറും യാത്രാ ചെലവും വാഗ്ദാനം ചെയ്ത് യു.എസ് ഭരണകൂടം. അനധികൃത കുടിയേറ്റക്കാർക്ക് ഈ പദ്ധതി വഴി അറസ്റ്റും തടവും ഒഴിവാക്കാമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം അറിയിച്ചു. ഇത്തരത്തിൽ നാടുവിടുന്നവർക്ക് ഭാവിയിൽ നിയമാനുസൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ തടസമുണ്ടാകില്ല.

അനധികൃതമായി കുടിയേറിയ ഒരു വ്യക്തിയെ കണ്ടെത്തി അറസ്റ്റ് ചെയ്ത് തടങ്കലിൽ വയ്ക്കാനും നാടുകടത്താനും മറ്റുമായി 17,000 ഡോളറിലേറെ ചെലവാണ് സർക്കാരിനുണ്ടാകുന്നത്. പുതിയ പദ്ധതി ഇത് വെട്ടിച്ചുരുക്കാൻ സഹായിക്കുന്നു.

അതേ സമയം,​ ഹാർവർഡ് സർവകലാശാലയ്ക്കുള്ള കോടിക്കണക്കിന് ഡോളറിന്റെ ഗവേഷണ ഗ്രാന്റും മറ്റ് സഹായങ്ങളും മരവിപ്പിച്ചെന്ന് യു.എസ് സർക്കാർ അറിയിച്ചു. ക്യാമ്പസിലെ ജൂത വിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനായി ട്രംപ് ആവിഷ്കരിച്ച നിർദ്ദേശങ്ങൾ ഹാർവർഡ് നടപ്പാക്കാത്ത പശ്ചാത്തലത്തിലാണ് തീരുമാനം. ഹാർവർഡിനുള്ള 220 കോടി ഡോളർ ഫെഡറൽ ധനസഹായം നേരത്തെ മരവിപ്പിച്ചിരുന്നു.