വത്തിക്കാനിൽ കോൺക്ലേവ് ഇന്ന് മുതൽ: ഫോൺ സിഗ്നൽ നിശ്ചലമാകും,​ ആകാംക്ഷയോടെ ലോകം

Wednesday 07 May 2025 6:56 AM IST

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷ സ്ഥാനത്തേക്ക് ഇനി ആരെത്തും എന്ന ആകാംക്ഷയോടെ ലോകം. പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് ഇന്ന് വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിൽ തുടങ്ങും. നടപടിക്രമങ്ങളെല്ലാം അതീവ രഹസ്യവും സൂക്ഷ്മവുമാണ്.

കോൺക്ലേവിൽ പങ്കെടുക്കുന്ന 133 കർദ്ദിനാൾമാർക്കും പുറംലോകവുമായി ബന്ധപ്പെടാൻ അനുവാദമില്ല. ഇന്ന് പ്രാദേശിക സമയം വൈകിട്ട് 3ന് (ഇന്ത്യൻ സമയം വൈകിട്ട് 6.30) വത്തിക്കാനിലെ ഫോൺ സിഗ്നൽ വിച്ഛേദിക്കും. മാർപാപ്പയെ തിരഞ്ഞെടുത്ത ശേഷമേ സിഗ്നൽ പുനഃസ്ഥാപിക്കുകയുള്ളൂ. സെന്റ് പീറ്റേഴ്സ് സ്‌ക്വയറിന് ബാധകമല്ല. സെന്റ് പീറ്റേഴ്സ് സ്‌ക്വയറിൽ പ്രത്യേക സുരക്ഷാ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കോൺക്ലേവിൽ പൂർണ്ണ സ്വകാര്യത ഉറപ്പാക്കാൻ സിസ്റ്റീൻ ചാപ്പലിന് ചുറ്റും പ്രത്യേക സിഗ്നൽ ജാമറുകൾ സ്ഥാപിക്കും. ഡിജിറ്റൽ ആശയവിനിമയത്തിനോ നുഴഞ്ഞുകയറ്റത്തിനോ ഉള്ള ഏതൊരു ശ്രമവും ഇത് തടയും. സിഗ്നലുകൾ റദ്ദാക്കപ്പെട്ട് ഏകദേശം 90 മിനിറ്റുകൾക്ക് ശേഷമാണ് മാർപാപ്പ വോട്ടെടുപ്പിനായി കർദ്ദിനാൾമാർ സിസ്റ്റീൻ ചാപ്പലിലേക്ക് നീങ്ങുക.

കർദ്ദിനാൾമാരുടെ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഇന്നലെ രാത്രി തന്നെ വത്തിക്കാൻ അധികൃതർക്ക് കൈമാറി. കോൺക്ലേവ് പൂർത്തിയായ ശേഷമേ ഇവ തിരികെ നൽകൂ. കോൺക്ലേവ് കഴിയുംവരെ കർദ്ദിനാൾമാർക്ക് സിസ്റ്റീൻ ചാപ്പൽ വിടാനുമാകില്ല. വത്തിക്കാനിലെ ദൈനംദിന ജീവനക്കാർക്കും ഇക്കാലയളവിൽ കുടുംബവുമായി ബന്ധപ്പെടാനാകില്ല.

# ദിവസം 4 റൗണ്ട് വോട്ട്

 ദിവസം നാലു റൗണ്ട് രഹസ്യ വോട്ട് (രാവിലെ രണ്ട്, വൈകിട്ട് രണ്ട് )​. ഇന്ന് ഒറ്റ റൗണ്ട് വോട്ട് മാത്രം

 മാർപാപ്പ സ്ഥാനാർത്ഥികളിൽ ഒരാൾക്ക് മൂന്നിൽ രണ്ട് വോട്ട് ലഭിക്കും വരെ പ്രക്രിയ തുടരും

 ഓരോ വോട്ടിന് ശേഷവും ചാപ്പലിന്റെ ചിമ്മിനിയിൽ നിന്ന് പുക ഉയരും. വെളുത്ത പുകയെങ്കിൽ മാർപാപ്പയെ തിരഞ്ഞെടുത്തു. മറിച്ചായാൽ കറുത്ത പുക

 വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ (70), 'ഏഷ്യൻ ഫ്രാൻസിസ് " എന്നറിയപ്പെടുന്ന ഫിലിപ്പീൻസിൽ നിന്നുള്ള കർദ്ദിനാൾ ലൂയിസ് ആന്റണിയോ ടാഗിൾ (67), ഇറ്റാലിയൻ കർദ്ദിനാൾ മാറ്റിയോ സുപ്പി (69) തുടങ്ങിയവരാണ് ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയാകാൻ മുന്നിലുള്ളത്