ജർമ്മനിയിൽ ഫ്രെഡ്‌റിക് മെർസ് അധികാരത്തിൽ
ബെർലിൻ: ജർമ്മനിയുടെ പുതിയ ചാൻസലറായി ഫ്രെഡ്‌റിക് മെർസിനെ (69) തിരഞ്ഞെടുത്ത് പാർലമെന്റ്. ഇന്നലെ പാർലമെന്റിൽ നടന്ന ആദ്യ റൗണ്ട് വോട്ടിൽ ഭൂരിപക്ഷമായ 316 വോട്ട് മെർസ് നേടിയിരുന്നില്ല. യുദ്ധാനന്തര ജർമ്മനിയിൽ ആദ്യമായാണ് പാർലമെന്ററി പിന്തുണ നേടാനുള്ള ചാൻസലർ സ്ഥാനാർത്ഥിയുടെ ആദ്യ ശ്രമം പരാജയപ്പെട്ടത്. പിന്നാലെ നടന്ന രണ്ടാം റൗണ്ടിലാണ് മെർസ് തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് ചാൻസലറായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു.
ആദ്യ റൗണ്ടിൽ 310ഉം രണ്ടാം റൗണ്ടിൽ 325ഉം വോട്ടാണ് മെർസ് നേടിയത്. ഫെബ്രുവരിയിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ മെർസ് ഉൾപ്പെട്ട കൺസർവേറ്റീവ് സഖ്യമായ സി.ഡി.യു/സി.എസ്.യു പാർലമെന്റിലെ 630ൽ 208 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. തുടർന്ന് സി.ഡി.യു നേതാവായ മെർസ് ചാൻസലറാകുമെന്ന് പ്രഖ്യാപിക്കപ്പെട്ടു.
സർക്കാർ രൂപീകരണത്തിന് പാർലമെന്റിൽ 316 സീറ്റ് വേണമെന്നതിനാൽ സ്ഥാനമൊഴിഞ്ഞ ചാൻസലർ ഒലാഫ് ഷോൾസിന്റെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുമായി (120 സീറ്റ് ) മെർസ് സഖ്യമുണ്ടാക്കുകയായിരുന്നു. ഇന്നലെ പാർലമെന്റിലെ ഒന്നാം റൗണ്ട് വോട്ടിൽ മെർസിനെ പിന്തുണയ്ക്കാതെയിരുന്ന എം.പിമാർ ആരാണെന്ന് വ്യക്തമല്ല.