രാജ്യം ഒറ്റക്കെട്ട്, ദേശീയ താത്പര്യം പരമപ്രധാനം, ദൃഢനിശ്ചയത്തെയും ധൈര്യത്തെയും അഭിനന്ദിക്കുന്നു; പിന്തുണയുമായി പ്രതിപക്ഷം

Wednesday 07 May 2025 10:16 AM IST

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകിയിരിക്കുകയാണ് ഇന്ത്യ. 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിൽ ഇന്ന് പുലർച്ചെയാണ് പാകിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം ആക്രമിച്ചത്. സംഭവത്തിൽ പ്രതിപക്ഷ പാർട്ടികൾ ഒന്നാകെ പിന്തുണയുമായെത്തിയിരിക്കുകയാണ്. ഇത് ഒന്നിച്ചുനിൽക്കേണ്ട സമയമാണെന്നും സർക്കാരിനൊപ്പം ഉറച്ചുനിൽക്കുന്നെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പ്രതികരിച്ചു.

'പാകിസ്ഥാനിൽ നിന്നും പാക് അധീന കാശ്മീരിൽ നിന്നും ഉയർന്നുവരുന്ന എല്ലാത്തരം ഭീകരതയ്‌ക്കെതിരെയും ഇന്ത്യയ്ക്ക് ഉറച്ച ദേശീയ നയമുണ്ട്. പാകിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ഭീകര ക്യാമ്പുകൾ തകർത്ത ഇന്ത്യൻ സായുധ സേനയെക്കുറിച്ച് വളരെയധികം അഭിമാനമുണ്ട്. അവരുടെ ദൃഢനിശ്ചയത്തെയും ധൈര്യത്തെയും അഭിനന്ദിക്കുന്നു.

പഹൽഗാം ഭീകരാക്രമണം നടന്ന ദിവസം മുതൽ, അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ കടുത്ത നടപടിയും സ്വീകരിക്കുന്നതിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സായുധ സേനയ്ക്കും സർക്കാരിനുമൊപ്പം ഉറച്ചുനിന്നു. ദേശീയ ഐക്യവും ഐക്യദാർഢ്യവും കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നമ്മുടെ സായുധ സേനകളോടൊപ്പം നിൽക്കുന്നു. നമ്മുടെ നേതാക്കൾ മുൻകാലങ്ങളിൽ വഴികാട്ടി തന്നിട്ടുണ്ട്, ദേശീയ താൽപ്പര്യമാണ് നമുക്ക് പരമപ്രധാനം.'- എന്നാണ് ഖാർഗെ എക്‌സിൽ കുറിച്ചത്.

സായുധ സേനയിൽ അഭിമാനിക്കുന്നെന്നായിരുന്നു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.