'ഇന്ത്യയിൽ തങ്ങാൻ അനുമതി നൽകണം'; കർണാടക ഹൈക്കോടതിയെ സമീപിച്ച് പാക് പൗരന്മാരായ മൂന്ന് കുട്ടികൾ

Wednesday 07 May 2025 12:14 PM IST

ബംഗളൂരു: ഈ മാസം 15 വരെ മൈസൂരുവിൽ തങ്ങാൻ അനുമതി തേടി പാക് പൗരന്മാരായ മൂന്ന് കുട്ടികൾ കർണാടക ഹൈക്കോടതിയെ സമീപിച്ചു. കുട്ടികളുടെ മാതാവ് റംഷ ജഹാൻ ഇന്ത്യൻ പൗരയും പിതാവ് മുഹമ്മദ് ഫറൂഖ് പാക് പൗരനുമാണ്. ബീബി യാമിന (എട്ട്), മുഹമ്മദ് മുദാസിർ (നാല്), മുഹമ്മദ് യൂസഫ് (മൂന്ന്) എന്നീ കുട്ടികൾ മാതാവിന്റെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ബലൂചിസ്ഥാനിൽ നിന്ന് മൈസൂരിലെത്തിയത്.

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക് പൗരന്മാർ രാജ്യം വിടണമെന്ന് ഉത്തരവിറങ്ങിയതോടെ വാഗ അതിർത്തിയിൽ എത്തിയെങ്കിലും റംഷയുടെ പാസ്‌പോർട്ട് കാലാവധി കഴിഞ്ഞതിനാൽ ഉദ്യോഗസ്ഥർ തടഞ്ഞു. കുട്ടികൾ ചെറിയ പ്രായത്തിലുള്ളവരായതിനാൽ പിതാവിനൊപ്പമേ അതിർത്തി കടത്തൂ എന്ന് ഉദ്യോഗസ്ഥർ ഉറച്ചുനിന്നതോടെയാണ് ഇവർക്ക് മൈസൂരുവിലേക്ക് മടങ്ങേണ്ടിവന്നത്.