വെല്ലുവിളിച്ചാൽ ഞങ്ങൾ കൂടുതൽ നിർഭയരും ശക്തരുമായി ഉയരുമെന്ന് മോഹൻലാൽ; പോരാളികളുടെ പോരാട്ടം തുടങ്ങിക്കഴിഞ്ഞു

Wednesday 07 May 2025 12:58 PM IST

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ ഭീകരർക്ക് നൽകിയ തിരിച്ചടിയിൽ പ്രതികരണവുമായി താരങ്ങൾ. ഞങ്ങളെ വെല്ലുവിളിച്ചാൽ ഞങ്ങൾ എക്കാലത്തേക്കാളും നിർഭയരും ശക്തരുമായി ഉയരുമെന്ന് മോഹൻലാൽ വ്യക്തമാക്കി. കൂടാതെ സംയുക്ത സേനയെ അഭിവാദ്യം ചെയ്യുകയും ചെയ്തു.

സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് മോഹൻലാലിന്റെ പ്രതികരണം. നേരത്തെ 'ഓപ്പറേഷൻ സിന്ദൂർ' എന്ന ബാനർ അദ്ദേഹം പങ്കുവച്ചിരുന്നു. ഇതിനുപിന്നാലെയാണ് സംയുക്ത സേനയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്.

'ഒരു പാരമ്പര്യം എന്ന നിലയിൽ മാത്രമല്ല, നമ്മുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രതീകമായിട്ടാണ് ഞങ്ങൾ സിന്ദൂരം ധരിച്ചത്. ഞങ്ങളെ വെല്ലുവിളിക്കൂ, ഞങ്ങൾ എക്കാലത്തേക്കാളും നിർഭയരും ശക്തരുമായി ഉയരും. ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന, ബിഎസ്എഫ് എന്നിവയുടെ ഓരോ ധീരഹൃദയത്തെയും അഭിവാദ്യം ചെയ്യുന്നു. നിങ്ങളുടെ ധൈര്യം ഞങ്ങളുടെ അഭിമാനത്തിന് ഇന്ധനം നൽകുന്നു. ജയ് ഹിന്ദ്'- എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

സൈനികരെ പ്രശംസിച്ചുകൊണ്ട് മെഗാസ്റ്റാർ മമ്മൂട്ടി, രജനികാന്ത് അടക്കമുള്ളവരും രംഗത്തെിയിട്ടുണ്ട്. 'നമ്മുടെ യഥാർത്ഥ നായകന്മാർക്ക് സല്യൂട്ട്' എന്നാണ് മമ്മൂട്ടി കുറിച്ചത്. പോരാളികളുടെ പോരാട്ടം തുടങ്ങിക്കഴിഞ്ഞെന്നും ദൗത്യം പൂർത്തിയാക്കാതെ ഇതിനൊരു അവസാനമില്ലെന്നുമാണ് രജനികാന്ത് എക്‌സിൽ കുറിച്ചത്.