കൂട്ടുകാരന്റെ മകനെ പീഡിപ്പിച്ചു, പ്രതിക്ക് 23 വർഷം കഠിന തടവും 55,000  രൂപ  പിഴയും

Wednesday 07 May 2025 5:42 PM IST

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് 23 വർഷം കഠിന തടവും 55,000 രൂപ പിഴയും. വെട്ടുകാട് പൊഴിക്കര സ്വദേശി രതീഷ് എന്ന ശേഖരനാണ് (42) പ്രതി. കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്‌‌ജി എസ് രമേഷ് കുമാർ ആണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ 13 മാസം അധിക കഠിന തടവ് അനുഭവിക്കണം.

കൂട്ടുകാരന്റെ മകനായ 12കാരനെയാണ് പ്രതി പീഡിപ്പിച്ചത്. 2019ൽ ഓണാവധി സമയത്താണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കൽപ്പണിക്കാരനാണ് കുട്ടിയുടെ പിതാവ്. സംഭവദിവസം കുട്ടിയുടെ വീട്ടിലെത്തിയ പ്രതി മദ്യപിച്ചതിനുശേഷം അവിടെതന്നെ കിടന്നുറങ്ങിയിരുന്നു. തുടർന്ന് രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ അടുത്തെത്തുകയും പീഡിപ്പിക്കുകയുമായിരുന്നു. ഭയം കാരണം കുട്ടി ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. സ്‌കൂളിൽ നടത്തിയ കൗൺസലിംഗിൽ ആണ് പീഡനവിവരം കുട്ടി വെളിപ്പെടുത്തിയത്. പിന്നാലെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ഡി ആർ പ്രമോദ് ആണ് ഹാജരായത്. കേസിൽ 19 സാക്ഷികളെ വിസ്‌തരിക്കുകയും 26 രേഖകൾ ഹാജരാക്കുകയും ചെയ്തു. അന്നത്തെ വലിയതുറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായിരുന്ന രതീഷ്, അശോക് കുമാർ എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.