ഭീകരൻ മസൂദ് അസറിന്റെ കുടുംബാംഗങ്ങളുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥർ, ചിത്രങ്ങൾ പുറത്ത്

Wednesday 07 May 2025 6:27 PM IST

മുരിഡ്‌കെ: മുംബയ് ഭീകരാക്രമണ കേസിലെ സൂത്രധാരൻ മസൂദ് അസറിന്റെ കുടുംബാംഗങ്ങളും അനുയായികളും ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ സംസ്‌കാരത്തിൽ പാകിസ്ഥാൻ സൈന്യത്തിന്റെ സാന്നിദ്ധ്യം ഇപ്പോൾ ചർച്ചയാകുകയാണ്. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. മസൂദ് അസറിന്റെ സഹോദരിയും ഭർത്താവുമടക്കമുള്ള 14 പേരാണ് ഇന്ത്യയുടെ തിരിച്ചടിയിൽ മരിച്ചത്. താനും കൂടി മരിക്കേണ്ടതായിരുന്നു എന്നാണ് സംഭവം സ്ഥിരീകരിച്ച് മസൂദ് അസർ പറഞ്ഞിരിക്കുന്നത്.

മസൂദ് അസർ പാകിസ്ഥാനിൽ തടവിലാണ് എന്നാണ് പാക് അധികൃതർ മറ്റ് രാജ്യങ്ങളോട് എപ്പോഴും പറഞ്ഞിരുന്നത്. എന്നാൽ വലിയ സുരക്ഷാ പരിഗണനകളോടെ അസർ പാകിസ്ഥാനിൽ കഴിയുന്നതായി ഇന്ത്യയ്‌ക്ക് വിവരം ലഭിച്ചിരുന്നു. ഒൻപത് ഇടങ്ങളിലാണ് ബുധനാഴ്‌ച പുലർച്ചെയോടെ ഇന്ത്യ പാകിസ്ഥാനിൽ തിരിച്ചടിച്ചത്. ഇതിൽ മസൂദ് അസറിന്റെ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. ഇവരുടെ സംസ്‌കാരത്തിലാണ് പാക് സൈനിക അംഗങ്ങൾ പങ്കെടുത്തത്. ഇന്ത്യക്കെതിരെ ആക്രമണം നടത്തുന്ന ഭീകരർക്ക് പാക് സൈന്യത്തിന്റെ പിന്തുണയുണ്ടെന്ന ഇന്ത്യയുടെ വാദം ഇതോടെ സത്യമായിരിക്കുകയാണ്.

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട മറ്റ് ഭീകരരുടെ സംസ്‌കാരത്തിലും പാക് സൈന്യത്തിന്റെയും ഐഎസ്‌ഐയുടെയും നേരിട്ടുള്ള സാന്നിദ്ധ്യമുണ്ടായിരുന്നു. മുരിട‌്കെയിലെ ലഷ്‌കർ ഭീകര താവളത്തിലെ സംസ്‌കാര ചടങ്ങിൽ പാക് സൈനികർ സജീവമായി പങ്കെടുത്തു. ലഷ്‌കർ ഇ ത്വയിബ കമാൻഡർ അബ്‌ദുൾ റൗഫിന്റെ സംസ്‌കാരത്തിൽ നിരവധി സൈനികരാണ് പങ്കെടുത്തത്. ലാഹോറിൽ നിന്നും 30 കിലോമീറ്റർ മാത്രം അകലെയാണ് മുരിട്‌കെയിലെ ലഷ്‌‌കർ പരിശീലന കേന്ദ്രം. അജ്‌മൽ കസബടക്കം പരിശീലനം നേടിയച് ഇവിടെനിന്നാണെന്നാണ് വിവരം.