ഭാരതാംബയ്ക്ക് സിന്ദൂര തിലകം, പുളകം ചാർത്തി ഓപ്പറേഷൻ സിന്ദൂർ 9 പാക് ഭീകരക്യാമ്പുകൾ ചുട്ടെരിച്ചു
70 പേരെ വധിച്ചു, 100 പേർക്ക് പരിക്ക് കൊല്ലപ്പെട്ടവരിൽ മസൂദിന്റെ സഹോദരിയും പാക് മണ്ണിൽ 100 കി.മീറ്റർ ഉള്ളിൽ കടന്ന് പ്രഹരം സിന്ദൂർ എന്ന് പേരിട്ടത് പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: സിന്ദൂരം. ദാമ്പത്യ പവിത്രതയുടെ തിലകക്കുറി. അതിൽ കൈവച്ചാൽ വച്ചേക്കില്ലെന്ന് ഇന്ത്യ പാകിസ്ഥാനെ പഠിപ്പിച്ചു. പഹൽഗാമിൽ ഏപ്രിൽ 22ന് കൊല്ലപ്പെട്ട 26 നിരപരാധികളുടെ ചോരയ്‌ക്ക് 15-ാം ദിവസം ഓപ്പറേഷൻ സിന്ദൂറിലൂടെ മറുപടി. ഭാര്യയ്ക്കു മുന്നിൽ പ്രിയതമനെ കൊന്നുതള്ളിയതിന് പ്രതികാരം.
പാകിസ്ഥാനിലെ നാലും അധിനിവേശ കാശ്‌മീരിലെ അഞ്ചും ഭീകരക്യാമ്പുകൾ ചുട്ടെരിച്ചു. ലഷ്‌കർ, ജയ്ഷെ മുഹമ്മദ്, ഹിസ്‌ബുൾ മുജാഹിദ്ദീൻ ക്യാമ്പുകളാണിവ. 70 ഭീകരരെ വധിച്ചു. 100 പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ ജയ്ഷെ തലവനും കൊടും ഭീകരനുമായ മസൂദ് അസറിന്റെ സഹോദരിയുൾപ്പെടെ 10 ബന്ധുക്കളും നാല് അനുയായികളുമുണ്ട്. താനും മരിച്ചാൽ മതിയായിരുന്നെന്ന് അസർ പ്രതികരിച്ചു.
ഇന്നലെ പുലർച്ചെ 1.05 മുതൽ 1.30വരെ നീണ്ട ഓപ്പറേഷന് റഫാൽ, മിറാഷ് ഫൈറ്ററുകളാണുപയോഗിച്ചത്. ജി.പി.എസ്, ലേസർ ഗൈഡഡ് സ്കാൽപ് മിസൈലുകളും ഹാമർ ബോംബുകളും അണുവിട തെറ്റാതെ ലക്ഷ്യം കണ്ടു. പാക് മണ്ണിൽ കടന്നുചെല്ലാതെ, 100 കിലോമീറ്റർ ഉള്ളിലെ ഭീകര ക്യാമ്പുവരെ തകർത്താണ് കരുത്തുകാട്ടിയത്. സിവിലിയൻ, സൈനിക കേന്ദ്രങ്ങളെ തൊട്ടില്ല.
കര-വ്യോമ സേനകളുടെ സംയുക്ത ഓപ്പറേഷന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സിന്ദൂർ എന്ന് പേരിട്ടത്. സൈനിക നടപടി മോദി തത്സമയം വീക്ഷിക്കുകയും ചെയ്തു. 1971നു ശേഷം ആദ്യമായാണ് ഇന്ത്യ പാകിസ്ഥാനിൽ കടന്ന് ആക്രമണം നടത്തുന്നത്.
അതേസമയം, ഇന്ത്യൻ തിരിച്ചടിയിൽ പതറിയ പാകിസ്ഥാൻ അതിർത്തി ഗ്രാമങ്ങളിൽ ഷെല്ലാക്രമണം നടത്തി 15 പാവങ്ങളെ വധിച്ച് തനിസ്വരൂപം കാട്ടി. ഇന്ത്യയുടെ മിഗ് 29 വിമാനം വെടിവച്ചിട്ടെന്ന് ഇതിനിടെ പാകിസ്ഥാൻ കള്ള പ്രചാരണവും നടത്തി. ഇന്ത്യയുടെ വിമാനങ്ങളും യോദ്ധാക്കളും സുരക്ഷിതരാണ്.
താരമായി സോഫിയയും
വ്യോമിക സിംഗും
നടപടി വിശദീകരിക്കാൻ ഇന്ത്യ ഇന്നലെ നിയോഗിച്ചതും രണ്ടും ധീരവനിതകളെ. കേണൽ സോഫിയ ഖുറേഷിയും വിംഗ് കമാൻഡർ വ്യോമിക സിംഗും. വാർത്താസമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്ക് ഇരുവശവുമിരുന്ന് ഇവർ രാജ്യത്തിന്റെ പോരാട്ടവീര്യം വിശദീകരിച്ചപ്പോൾ ഭാരതീയരൊന്നാകെ പുളകമണിഞ്ഞു. ഒൻപത് ഭീകര കേന്ദ്രങ്ങൾ തകർക്കുന്നതിന്റെ യുദ്ധവിമാനങ്ങളിൽ നിന്നുള്ള വീഡിയോയും പുറത്തുവിട്ടു.
25 മിനിട്ട്, 24 പ്രഹരം
പുലർച്ചെ 1.05ന് ആദ്യം ആക്രമിച്ചത് പാക് അധിനിവേശ കാശ്‌മീരിലെ കോട്ലിയിലെ മർകസ് അബ്ബാസ് ക്യാമ്പാണ്. തുടർന്ന് 25 മിനിട്ടിനുള്ളിൽ ജെയ്‌ഷെയുടെയും ഹിസ്ബുളിന്റെയുമുൾപ്പെടെ 9 ക്യാമ്പുകൾ ചാരമായി. 24 തവണ മിസൈൽ പ്രയോഗിച്ചു. അന്താരാഷ്‌ട്ര അതിർത്തിയിൽ നിന്ന് 100 കി.മീറ്റർ അകലെയാണ് ഇന്ത്യ തകർത്ത മസൂദിന്റെ ആസ്ഥാനം.
ആക്രമിക്കാൻ തുനിഞ്ഞാൽ
പാകിസ്ഥാൻ താങ്ങില്ല
ഇന്ത്യൻ സേന 24 തവണ അക്രമിച്ചത് സ്ഥിരീകരിച്ച് പുലർച്ചെ 4.08ന് പാക് സൈനിക വക്താവ് ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി പത്രസമ്മേളനം നടത്തി. ഇന്ത്യയുടേത് യുദ്ധപ്രഖ്യാപനമാണെന്നും തിരിച്ചടിക്കുമെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വീമ്പിളക്കി. ആക്രമിച്ചാൽ സൈനിക കേന്ദ്രങ്ങളുൾപ്പെടെ തകർക്കുമെന്നും പാകിസ്ഥാൻ താങ്ങില്ലെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകി.