തിരിച്ചടിയുടെ തുടക്കം മാത്രമോ!

Thursday 08 May 2025 4:14 AM IST

ന്യൂഡൽഹി: കൊടും ക്രൂരനായ അയൽക്കാരനെതിരെ ഇന്ത്യയുടെ നടപടി ഭീകര ക്യാമ്പുകൾ തകർത്തതിൽ ഒതുങ്ങുമോ? പാകിസ്ഥാൻ ഭയക്കുന്നതും ലോകം ഉറ്റു നോക്കുന്നതും ഇന്ത്യയുടെ അടുത്ത നീക്കമാണ്.

വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇന്നലെ പത്രസമ്മേളനത്തിൽ പറഞ്ഞു നിറുത്തിയത്,​ ആക്രമണത്തിന്റെ കൂടുതൽ അപ്‌ഡേറ്റുകളുമായി ഉടൻ വരുമെന്നാണ്. ഇന്ത്യ തിരിച്ചടി തുടരുമെന്നാണോ,​ അതോ പാകിസ്ഥാൻ കൈവിട്ട പ്രവർത്തി കാണിച്ചാൽ മറുപടി നൽകുമെന്നാണോ അദ്ദേഹം സൂചിപ്പിച്ചതെന്ന് വ്യക്തമല്ല. പക്ഷേ,​ വാക്കുകളിൽ ഇന്ത്യ വീണ്ടും ആക്രമിക്കാൻ മടിക്കില്ലെന്ന സൂചനയുണ്ട്.

ഇന്ത്യൻ തിരിച്ചടി പ്രതീക്ഷിച്ച പാകിസ്ഥാൻ 15 ദിവസവും ആശയക്കുഴപ്പത്തിലായിരുന്നു. തിരിച്ചടിക്കുള്ള മികച്ച ആസൂത്രണം ഇന്ത്യ നടത്തുമ്പോൾ,​ മിന്നലാക്രമണം വരുമെന്ന് പാകിസ്ഥാൻ പ്രതീക്ഷിച്ചില്ല. അടിത്തട്ടിൽ തിളച്ചു മറിയുമ്പോഴും പുറമെ ശാന്തമാണെന്ന സൂചന നൽകുന്നതിൽ നരേന്ദ്ര മോദിയുടെ തന്ത്രജ്ഞത വിജയം കണ്ടു. മോക് ഡ്രിൽ രാജ്യവ്യാപകമായി പ്രഖ്യാപിച്ചപ്പോൾ യുദ്ധ സാഹചര്യത്തിന്റെ ബോധവത്കരണം തുടങ്ങിയിട്ടേയുള്ളൂവെന്നാണ് പാകിസ്ഥാൻ കരുതിയത്.

ഓപ്പറേഷൻ സിന്ദൂറിന് 20 മിനിറ്റു മുമ്പാണ് തിരിച്ചടിക്ക് തയ്യാർ എന്ന കുറിപ്പ് ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കരസേന പോസ്റ്റ് ചെയ്യത്. ഏത് നീക്കവും പ്രതിരോധിക്കുമെന്ന് വീരവാദം മുഴക്കിയ പാകിസ്ഥാന് പക്ഷേ ഇന്നലെ പുലർച്ചെയുണ്ടായ അപ്രതീക്ഷിത നീക്കത്തെ പ്രതിരോധിക്കാനേ കഴിഞ്ഞില്ല.

അതിർത്തിയിൽ മിസൈലുകളും യുദ്ധവിമാനങ്ങളും വിന്യസിച്ചെങ്കിലും ഇന്ത്യൻ ആക്രമണം തടയാൻ കഴിയാതിരുന്നത് പാകിസ്ഥാൻ സേനയ്‌ക്ക് വൻ നാണക്കേടാണുണ്ടാക്കിയത്. 9 ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച ഇന്ത്യ അതുകൊണ്ട് നിറുത്തുമോ എന്ന ആശങ്കയും അവർക്കുണ്ട്. 21 ഭീകരക്യാമ്പുകൾ പാകിസ്ഥാനിൽ പ്രവർത്തുക്കുന്നുണ്ട്. ഇന്ത്യയ്‌ക്ക് മറുപടി നൽകാൻ സൈന്യത്തിന് പൂർണ അധികാരം നൽകി മുഖംരക്ഷിക്കാനാണ് പാക് നേതൃത്വം ഇന്നലെ ശ്രമിച്ചത്.

ഷെല്ലാക്രമണം തുടർന്നാൽ...

ജമ്മു കാശ്‌മീർ അതിർത്തി പങ്കിടുന്ന മേഖലകളിൽ വരും ദിവസങ്ങളിലും പാക് ഭാഗത്തു നിന്ന് തുടർച്ചയായ ഷെല്ലാക്രമണം പ്രതീക്ഷിക്കാം. ധർമ്മശാല, ലേ, ജമ്മു, ശ്രീനഗർ, അമൃത്സർ, ചണ്ഡീഗഡ് വിമാനത്താവളങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടത് ഇതു മുന്നിൽ കണ്ടാണ്. അതേസമയം സിവിലിയൻമാരെ ലക്ഷ്യമിട്ടുള്ള അക്രമണത്തെ ഇന്ത്യ വച്ചുപൊറുപ്പിക്കില്ലെന്നും അവർക്കറിയാം. അടിച്ചാൽ വച്ചേക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ ഇന്ത്യ പിന്നോട്ട് പോയാൽ ചർച്ച നടത്തി സംഘർഷം പരിഹരിക്കാമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പ്രതികരിച്ചിരുന്നു. എന്നാൽ തിരിച്ചടിക്ക് തങ്ങൾ തയ്യാറാണെന്ന് അദ്ദേഹം പിന്നീട് സ്വകാര്യ ചാനലിനോട് പറഞ്ഞു.