പാകിസ്ഥാന്റെ അന്തസ് കെടുത്തി സിന്ദൂർ
ഓപ്പറേഷൻ സിന്ദൂറിന്റെ രണ്ടാം ഭാഗം തുടങ്ങണോ എന്ന് തീരുമാനിക്കേണ്ടത് പാകിസ്ഥാനാണ്. അതവർക്ക് താങ്ങാനുള്ള കെൽപ്പുമുണ്ടാകില്ല.
പാകിസ്ഥാൻ ഭരണകൂടത്തിനു മുന്നിലും,പ്രത്യേകിച്ച് സൈന്യത്തിനുള്ളിലും ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നതാണ് ഓപ്പറേഷൻ സിന്ദൂർ. ഒമ്പത് കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടപ്പോൾ ഒന്നിൽ പോലും അവർക്ക് പ്രതിരോധിക്കാനായില്ല. അതിർത്തിയിൽ നിന്ന് നൂറു കിലോമീറ്റർ ഉള്ളിലുള്ള ഭവൽപൂർ ഇന്ത്യൻ മിസൈലുകളേറ്റ് വിറച്ചു. പാകിസ്ഥാൻ സമൂഹത്തിന് മുന്നിൽ പ്രസക്തിയും അന്തസും നഷ്ടമായ സ്ഥിതിയിലായി അവരുടെ സൈന്യം. അക്ഷരാർത്ഥത്തിൽ മുഖത്ത് അടിയേറ്റ അവസ്ഥ. അതുകൊണ്ട് തന്നെ അവർക്ക് മുഖം രക്ഷിക്കാനെങ്കിലും എന്തെങ്കിലും ഇന്ത്യയ്ക്കെതിരെ ചെയ്തേ തീരൂ.
മുൻകാലങ്ങളിലെ സമാനസന്ദർഭങ്ങളിൽ യുക്തിപൂർവമായിരുന്നില്ല പാക് പ്രതികരണങ്ങൾ. നിലനിൽപ്പിന് വേണ്ടി മാത്രമായിരുന്നു അവരെടുത്ത നിലപാടുകൾ. ഇക്കാര്യം തിരിച്ചറിഞ്ഞാണ് ഇന്ത്യൻ നീക്കം മുന്നോട്ടുപോയത്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം 14 ദിവസം ഇന്ത്യ കാത്തിരുന്നത് സമഗ്രമായ പടയൊരുക്കങ്ങൾ നടത്താനാണ്. ഇനി പാകിസ്ഥാൻ എന്തു സാഹസത്തിന് മുതിർന്നാലും തക്കതായ തിരിച്ചടി നൽകാൻ നമുക്ക് ഒരു ബുദ്ധിമുട്ടുമില്ല. സൈനികവിന്യാസം പൂർത്തിയായെന്ന് പറയാം. ആയുധങ്ങളും തയ്യാറാണ്. പാകിസ്ഥാൻ വിചാരിക്കാത്ത തരത്തിൽ മറുപടി നൽകാനുള്ള ശേഷിയും നമുക്കുണ്ട്. ഓപ്പറേഷൻ സിന്ദൂറിന്റെ രണ്ടാം ഭാഗം തുടങ്ങണോ എന്ന് തീരുമാനിക്കേണ്ടത് പാകിസ്ഥാനാണ്. അതവർക്ക് താങ്ങാനുള്ള കെൽപ്പുമുണ്ടാകില്ല.
സിവിലിയൻമാരും സൈന്യവുമായിരുന്നില്ല,ഭീകരകേന്ദ്രങ്ങൾ മാത്രമാണ് സിന്ദൂറിന്റെ ലക്ഷ്യമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ലക്ഷ്യം നിർണയിച്ച് അതിസൂക്ഷ്മമായ ആക്രമണമായിരുന്നു. കൂടുതൽ ഒന്നും ചെയ്യേണ്ടതില്ലെന്ന് അമേരിക്കയും റഷ്യയും പാകിസ്ഥാനുമേൽ സമ്മർദ്ദം ചെലുത്തുമെന്ന് ഉറപ്പാണ്. വഴങ്ങിയാൽ അവർക്ക് കൊള്ളാം. സാമ്പത്തികമായും സൈനികമായും രാഷ്ട്രീയപരമായും ചരിത്രത്തിലെ ഏറ്റവും ദുർബലമായ സ്ഥിതിയിലാണ് ആ രാജ്യം. ഇന്ത്യയിൽ നിന്ന് എന്തു വെല്ലുവിളി ഉണ്ടായാലും പാകിസ്ഥാൻ പരിചയായി ഉപയോഗിക്കുന്നത് ആണവഭീഷണിയാണ്. മുംബയ് ആക്രമണവേളയിലും ഈ കാർഡ് അവർ പുറത്തെടുത്തു. എന്നാൽ പുൽവാമയ്ക്ക് ശേഷം ബാലാകോട്ട് ആക്രമണം നടത്തിയപ്പോൾ ആണവഭീഷണി നാം ഗൗനിക്കുന്നില്ലെന്ന സന്ദേശം കൊടുക്കാനായി. ഇപ്പോൾ ഓപ്പറേഷൻ സിന്ദൂറിലൂടെ പാക് ആണവായുധത്തെ തെല്ലും ഭയക്കുന്നില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കുകയായിരുന്നു. ആണവായുധം പ്രയോഗിച്ചാൽ പാകിസ്ഥാൻ എന്ന രാജ്യത്തെ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കാനുള്ള കരുത്ത് ഇന്ന് ഇന്ത്യയ്ക്കുണ്ട്.
നിലവിലെ സാഹചര്യത്തിൽ പാകിസ്ഥാനെ പിന്തുണയ്ക്കാൻ ഒരു രാജ്യവുമില്ല. ചൈന തുണച്ചാലും അത് നയതന്ത്രതലത്തിലേ ആകാനിടയുള്ളൂ. സൈനികസഹായവുമായി ചൈനയോ തുർക്കിയോ മദ്ധ്യേഷൻ രാജ്യങ്ങളോ വരില്ല. സാമ്പത്തിക സഹായം ചെയ്തേക്കാം. ലോകരാജ്യങ്ങൾക്കിടയിൽ തീർത്തും പാകിസ്ഥാൻ ഒറ്റപ്പെട്ട അവസ്ഥയിലായിക്കഴിഞ്ഞു. ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം ഇന്ന് പാകിസ്ഥാനാണെന്ന് ലോകത്തിനറിയാം. പുറമേ സാമ്പത്തികമായി തകർന്ന് നിൽക്കുന്ന ഒരു രാജ്യത്തിന് യുദ്ധത്തിനിറങ്ങാൻ നിരവധി പരിമിതികളുമുണ്ട്. ഇന്ധനശേഖരം പോലും അവർക്ക് ആവശ്യത്തിനില്ല. സൈനിക സാങ്കേതിക വിദ്യയിലും മിസൈലുകളുടെയും ആയുധങ്ങളുടെയും പോർവിമാനങ്ങളുടെയും കാര്യത്തിലും ബഹുദൂരം പിന്നിലാണ് പാകിസ്ഥാൻ. ഇന്ത്യയെപ്പോലെ ചാര ഉപഗ്രഹങ്ങളോ ആധുനിക സാങ്കേതിക വിദ്യകളോ അവർക്കില്ല. ഇക്കാരണങ്ങൾ കൊണ്ടുതന്നെ പാകിസ്ഥാൻ ഒരു സാഹസത്തിനും മുതിരില്ലെന്ന് നമുക്ക് വിശ്വസിക്കാം.