'ജമ്മു കാശ്മീരിലേക്കും പാകിസ്ഥാനിലേക്കുമുളള യാത്രകൾ ഒഴിവാക്കണം'; പുതിയ മാ‌ർഗനിർദ്ദേശങ്ങളുമായി സിംഗപ്പൂർ

Thursday 08 May 2025 7:01 AM IST

സിംഗപ്പൂർ സിറ്റി: സംഘർഷ സാഹചര്യം നിലനിൽക്കുന്നതിനാൽ ജമ്മു കാശ്മീരിലേക്കും പാകിസ്ഥാനിലേക്കുമുളള യാത്രകൾ കഴിവതും ഒഴിവാക്കാൻ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി സിംഗപ്പൂർ വിദേശകാര്യ മന്ത്രാലയം.

ഇന്ത്യയിലും പാകിസ്ഥാനിലുമുള്ള സിംഗപ്പൂർ സ്വദേശികൾ സുരിക്ഷിതരായി ഇരിക്കണമെന്നും നിർദ്ദേശത്തിലുണ്ട്. ഇന്ത്യയിലേക്കുളള യാത്രയ്ക്ക് സിംഗപ്പൂർ മാർഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനിടയിൽ ഇന്ത്യയ്ക്കും പാകിസ്ഥാനും ലോകരാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

ഇരുരാജ്യങ്ങളും തമ്മിൽ സമാധാനം സ്ഥാപിക്കണമെന്ന് യുക്രെയ്‌‌ൻ ആവശ്യപ്പെട്ടു. സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ നീക്കങ്ങൾക്കും യുക്രെയന്റെ പിന്തുണയുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇരുരാജ്യങ്ങളും ഇനി പ്രശ്നങ്ങളുണ്ടാക്കരുതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ആവശ്യപ്പെട്ടു. ഇന്ത്യ തിരിച്ചടി നൽകിയെന്നും ഇനി ആക്രമിക്കില്ലെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു. യുഎഇ, ഖത്തർ, ഒമാൻ, കുവൈറ്റ് എന്നീ അറബ് രാഷ്ട്രങ്ങളും ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഇനിയും സംഘർഷത്തിലേക്ക് നീങ്ങാതെ വിഷയത്തിൽ രാഷ്ട്രീയ പരിഹാരം കാണണമെന്നാണ് ലോകരാജ്യങ്ങൾ ആവശ്യപ്പെടുന്നത്.

ദക്ഷിണേഷ്യൻ മേഖലയിലും ലോകത്താകെയും സമാധാനത്തിന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ഉചിതമാകില്ലെന്ന് യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് വ്യക്തമാക്കി. സൈനിക പരിഹാരങ്ങൾക്ക് പകരം ചർച്ചകളിലൂടെ പരിഹാരം കാണുകയും ദക്ഷിണേഷ്യയിൽ സ്ഥിരത ഉറപ്പാക്കുകയുമാണ് വേണ്ടത്. സമാധാനപരമായ പരിഹാരങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും യുഎഇ അറിയിച്ചു. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ താനി ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായും പാക് പ്രധാനമന്ത്രിയുമായും ഫോണിൽ സംസാരിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിലെ പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കാൻ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു.