പുതിയ മാർപാപ്പയുടെ തിരഞ്ഞെടുപ്പ് നടക്കുന്ന സിസ്റ്റീൻ ചാപ്പലിൽ നിന്ന് കറുത്ത പുക; ഇനി സംഭവിക്കുന്നത്

Thursday 08 May 2025 11:06 AM IST

റോം: ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് ഇനിയും ആരെയും തിരഞ്ഞെടുത്തില്ല. ഇതിന്റെ സൂചനയായി സിസ്റ്റീൻ ചാപ്പലിന്റെ ചിമ്മിനിയിൽ നിന്ന് കറുത്ത പുക പുറത്തേയ്ക്ക് വമിച്ചു. പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുമ്പോൾ ചാപ്പലിന്റെ ചിമ്മിനിയിൽ നിന്ന് വെളുത്ത പുകയാണ് പുറത്തേയ്ക്ക് വരിക. അതിനാൽ തിരഞ്ഞെടുപ്പ് നാളെയും നീളും.

പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് ഇന്നലെയാണ് വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിൽ ആരംഭിച്ചത്. ആദ്യ റൗണ്ട് വോട്ടിംഗിൽ പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാൻ സാധിക്കാത്തതിനാൽ വോട്ടിംഗിൽ പങ്കെടുക്കുന്ന കർദിനാളുകൾ സാന്ത മാർത്ത വസതിയിലേയ്ക്ക് മടങ്ങും. 133 കർദിനാളുകളാണ് വോട്ടിംഗിൽ പങ്കെടുക്കുന്നത്. 80ന് അകത്ത് പ്രായമുള്ള കർദിനാളുകൾക്ക് മാത്രമേ കോൺക്ളേവിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. 70 രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇത്തവണ കോൺക്ളേവിലുള്ളത്.

1492ലാണ് സിസ്റ്റീൻ ചാപ്പലിൽ ആദ്യമായി മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ളേവ് നടന്നത്. പിന്നീട് 1878നുശേഷം ചാപ്പൽ സ്ഥിരം വേദിയായി മാറി. കോൺക്ളേവിൽ പങ്കെടുക്കുന്ന കർദിനാളുകൾ ചാപ്പലിന് സമീപത്തെ ദോമസ് സാന്ത മാർത്തയിലാണ് താമസിക്കുന്നത്.

ആദ്യ റൗണ്ട് വോട്ടെടുപ്പിനുശേഷം ഇന്നലെ രാത്രി ഒൻപത് മണിക്കാണ് കറുത്ത പുക ചാപ്പലിൽ നിന്ന് പുറത്തേയ്ക്ക് വന്നത്. പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാൻ 89 വോട്ടുകളാണ് ആവശ്യം. ഇന്നുരാവിലെയോടെ കർദിനാളുകൾ തിരികെയെത്തി വോട്ടിംഗ് നടപടികൾ പുനഃരാരംഭിക്കും.