അതൊന്നും തള്ളല്ല, വളരെപ്പെട്ടെന്ന് തന്നെ ലാലേട്ടൻ കഥാപാത്രമായി മാറുന്നു; അദ്ദേഹം സെറ്റിൽ പെരുമാറുന്നത് ഇങ്ങനെയാണ്

Thursday 08 May 2025 3:17 PM IST

മോഹൻലാൽ - ശോഭന ചിത്രം 'തുടരും' മികച്ച അഭിപ്രായത്തോടെ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ ആർഷ ബൈജുവും ഏറെ ശ്രദ്ധേയകരമായ ഒരു വേഷം ചെയ്തിരുന്നു. മേരി എന്ന കഥാപാത്രത്തെയാണ് ആർഷ അവതരിപ്പിച്ചത്.

ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവച്ചിരിക്കുകയാണ് നടിയിപ്പോൾ. 'ഭയങ്കര എക്‌സൈറ്റ്‌മെന്റായിരുന്നു. പൊതുവേ എക്‌സൈറ്റ്‌മെന്റ് വരുന്നയാളല്ല ഞാൻ. പക്ഷേ ലാലേട്ടന്റെ സെറ്റിൽ വന്നപ്പോൾ എനിക്ക് ഭയങ്കര സന്തോഷമായിരുന്നു. ലാലേട്ടനോട് സംസാരിക്കാനൊക്കെ പറ്റി.

ലാലേട്ടൻ വളരെ ഈസിയായിട്ടാണ് ചെയ്യുന്നത്. നോർമലി ആളുകളോട് സംസാരിക്കുന്നു, ഇടപെടുന്നു. വളരെപ്പെട്ടെന്ന് തന്നെ കഥാപാത്രമായി മാറുന്നു. നല്ല പെരുമാറ്റമാണ്. ലാലേട്ടൻ അങ്ങനെയാണ് ഇങ്ങനെയാണെന്നൊക്കെ നമ്മൾ പണ്ടുമുതലേ കേൾക്കില്ലേ. പക്ഷേ അതൊന്നും തള്ളല്ലെന്ന് നേരിട്ട് സംസാരിച്ചപ്പോഴാണ് മനസിലായത്. എല്ലാവരും പറയുന്നതുപോലെ വളരെ ജോളിയായിട്ടുള്ള, വളരെ സാധാരണയായി എല്ലാവരോടും സംസാരിക്കുന്നയാളാണ്. എനിക്ക് ലാലേട്ടനെ ഭയങ്കര ഇഷ്ടമാണ്.'- ആർഷ പറഞ്ഞു.