'വീട്ടിൽ ആരുമില്ലെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കൊന്ന് കഷ്‌ണങ്ങളാക്കി'; ദമ്പതികൾക്ക് ജീവപര്യന്തം

Thursday 08 May 2025 3:44 PM IST

കോട്ടയം: മാങ്ങാനം സന്തോഷ് കൊലക്കേസിൽ പ്രതികളായ ദമ്പതികൾക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ വീതം പിഴയും. പയ്യപ്പാടി മലകുന്നം സ്വദേശി സന്തോഷിനെ കൊലപ്പെടുത്തിയ കേസില്‍ സുഹൃത്ത് മുട്ടമ്പലം സ്വദേശി വിനോദ് കുമാറും ഭാര്യ കുഞ്ഞുമോളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. കോട്ടയം ജില്ലാ സെഷൻസ് കോടതി ജഡ്‌ജി ജെ നാസർ ആണ് ശിക്ഷവിധിച്ചത്.

സന്തോഷും വിനോദിന്റെ ഭാര്യ കുഞ്ഞുമോളും തമ്മിലുള്ള വിവാഹേതര ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജയിലില്‍ വച്ചാണ് സന്തോഷും വിനോദും പരിചയപ്പെട്ടതും സുഹൃത്തുക്കളായതും. 2017ല്‍ ആണ് കൊലപാതകം നടന്നത്. ഓഗസ്റ്റ് 23ന് കൃത്യം നടന്നുവെങ്കിലും സന്തോഷിന്റെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ്. ശരീരഭാഗം രണ്ട് ചാക്കില്‍ കെട്ടി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കോട്ടയം മാങ്ങാനം മന്ദിരം കലുങ്കിന് സമീപത്തുനിന്നും കണ്ടെത്തുകയായിരുന്നു. സന്തോഷും കുഞ്ഞുമോളും തമ്മിലുള്ള പ്രണയബന്ധത്തിലെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

ഇരുവരും തമ്മിലുള്ള ബന്ധം മനസിലാക്കിയ വിനോദ് ഭാര്യയെ മര്‍ദ്ദിക്കുകയും സന്തോഷിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതിനായി ഭാര്യയോട് സ്വന്തം ഫോണില്‍ നിന്ന് സന്തോഷിനെ വിളിക്കാനും ഇന്ന് ഭര്‍ത്താവ് വീട്ടില്‍ ഉണ്ടാകില്ലെന്നും രാത്രി ഇവിടേക്ക് വരണമെന്ന് പറയാനും ആവശ്യപ്പെട്ടു. മീനടത്തെ വാടകവീട്ടിലേക്കാണ് സന്തോഷിനെ വിളിച്ച് വരുത്തിയത്. തുടര്‍ന്ന് വീട്ടിലെ സിറ്റൗട്ടില്‍ ഇരിക്കുകയായിരുന്ന സന്തോഷിനെ ഇരുമ്പ് വടി കൊണ്ട് പിന്നിലൂടെ വന്ന് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു.

കുഞ്ഞുമോളുമായി സന്തോഷ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതാണ് വിനോദിന് പക തോന്നാനും കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പൊലീസ് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. സ്വന്തം പിതാവിനെ ചവിട്ടിക്കൊന്ന കേസിലാണ് വിനോദ് മുമ്പ് ജയിലിലായത്. ഇതേ ജയിലില്‍ സന്തോഷും ഉണ്ടായിരുന്നു. യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസിലാണ് സന്തോഷ് അകത്തായത്. ഇവിടെ വച്ച് സൗഹൃദത്തിലായതോടെയാണ് പുറത്തിറങ്ങിയ ശേഷം തന്റെ ഭാര്യയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കണേയെന്ന് വിനോദ് സന്തോഷിനോട് ആവശ്യപ്പെട്ടത്.