'ഇതുവരെ ആരും നേരിട്ട് എന്നോടങ്ങനെ പറഞ്ഞിട്ടില്ല, ഞാൻ തല്ലുമോയെന്ന് പേടിച്ചിട്ടാകും'; രേണു സുധി

Thursday 08 May 2025 4:02 PM IST

കഴിഞ്ഞ കുറച്ച് നാളുകളായി വിവാദങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് രേണു സുധി. അവർ അഭിനയിക്കുന്ന ആൽബം, സിനിമ ഷൂട്ടുകളുടെയൊക്കെ പേരിലാണ് വിമർശനം. സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള സൈബർ അറ്റാക്കാണ് രേണുവിനെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇടയ്‌ക്കിടെ ഇതിനെല്ലാം പ്രതികരണവുമായി രേണു സുധി എത്താറുണ്ട്. ഇപ്പോഴിതാ തന്നെ പിന്തുണയ്‌ക്കുന്ന നിരവധിപേരുണ്ടെന്നാണ് അവർ പറഞ്ഞിരിക്കുന്നത്.

'എല്ലാം കേട്ട് മിണ്ടാതിരിക്കാൻ ഞാൻ മദർ തെരേസയൊന്നും അല്ല. മനുഷ്യനല്ലേ പ്രതികരിച്ച് പോകും. എന്റെ ശരീരത്തിന് അനുയോജ്യമായ വസ്‌ത്രങ്ങളാണ് ഞാൻ ധരിക്കുന്നത്. ഇതുവരെ എനിക്കത് ഷെയിം ആയി തോന്നിയില്ല. നാളെ അത് തോന്നിക്കൂടായ്‌ക ഇല്ല. ജാതിയൊക്കെ പറഞ്ഞ് അധിക്ഷേപിക്കുന്നത് തെറ്റാണ്. ഞാൻ ഉന്നതകുലജാതയൊന്നും അല്ല. എടീ അട്ടപ്പാടീ എന്ന് വിളിച്ച് അധിക്ഷേപിച്ചവരുണ്ട്. കോളനി എന്ന് ചിലർ വിളിച്ചു. അതെ ഞാൻ കോളനിയിൽ താമസിച്ച ആളാണ്. എന്നെ ചീത്തയാണ് പലരും വിളിക്കുന്നത്. ഞാനും പ്രതികരിച്ച് പോവും. ഞാൻ മനുഷ്യനല്ലേ.

കൊല്ലം സുധിയുടെ ഭാര്യ ചെയ്യുന്നതുകൊണ്ടാണ് ഇവിടെയുള്ളവർക്ക് പ്രശ്‌നം. ഈ നിമിഷം വരെ ആരും നേരിട്ട് വന്ന് നെഗറ്റീവ് പറഞ്ഞിട്ടില്ല. ഞാനിനി തല്ലുമോ എന്ന് പേടിച്ചാണോ എന്നും അറിയില്ല. പക്ഷേ, ഇതൊന്നും കേട്ട് രേണു സുധി തളരില്ല. ഇനിയങ്ങോട്ട് തളരാനും പോകുന്നില്ല. ഇതെല്ലാം കേട്ട് ഡിപ്രഷനടിച്ച് ഞാൻ ആത്മഹത്യ ചെയ്‌താൽ ഇവരെല്ലാം അന്ന് പോസിറ്റീവല്ലേ പറയൂ', രേണു സുധി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.