"ഞാൻ ഉഴപ്പിയത്രയൊന്നും ഇവരാരും ചെയ്തിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ എന്റെ ലൈഫ് ആസ്വദിച്ച് ജീവിച്ചയാളാണ്"
കാലഘട്ടം മാറുന്നതിനനുസരിച്ച് പുതിയ താരങ്ങൾ വരികയെന്നത് ചരിത്രമാണെന്ന് നടൻ ഡിസ്‌കോ രവീന്ദ്രൻ. ആ ചരിത്രത്തെ മാറ്റാനാകില്ല. ഒരാൾ ലോകം തുടക്കം മുതൽ അവസാനം വരെ ജീവിക്കില്ല. അതിനാൽത്തന്നെ കാലഘട്ടം മാറുന്നതിനനുസരിച്ച് പുതിയ ആൾക്കാർ വരുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രവീന്ദ്രൻ.
ഇന്നത്തെ താരങ്ങളേക്കാൾ പ്രശ്നക്കാരനായിരുന്നു താനെന്നും രവീന്ദ്രൻ വ്യക്തമാക്കി. 'ഞാൻ ഇതിനേക്കാൾ വലിയ ഉഴപ്പനായിരുന്നു. ഞാൻ ഉഴപ്പിയത്രയൊന്നും ഇവരാരും ചെയ്തിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ എന്റെ ലൈഫ് ആസ്വദിച്ച് ജീവിച്ചയാളാണ്. അത് നിങ്ങളുടെ കാഴ്ചപ്പാടിൽ തെറ്റാണോ ശരിയാണോയെന്നൊന്നും എനിക്കറിയില്ലായിരുന്നു. അന്ന് എനിക്കത്രയേ പക്വതയുണ്ടായിരുന്നുള്ളൂ. ശശിയേട്ടനൊക്കെ എന്നെ ചേർത്തുപിടിക്കുകയായിരുന്നു.
ജപ്പാനിൽ ഷൂട്ടിംഗിന് ബുദ്ധ ദേവന്റെ ക്ഷേത്രമുള്ള സ്ഥലത്ത് പോയി. ഞാൻ അപ്പുറത്തുകൂടി സാധനം വാങ്ങാൻ പോയി. എന്നെ അന്വേഷിച്ചിട്ട് ഇവർക്ക് കിട്ടുന്നില്ല. അവസാനം ആ സീനിൽ ഞാൻ ഇല്ല. തിരിച്ചുവന്നപ്പോൾ ഫുൾ ഫയറിംഗ് ആയിരുന്നു. അന്ന് മൊബൈൽ ഫോണൊന്നുമില്ലല്ലോ. അത്രയേ സീരിയസ്‌നെസേ ഉണ്ടായിരുന്നുള്ളൂ.വേണമെങ്കിൽ നിങ്ങൾക്ക് പറയാം, ഇവനെ ഇവിടെ നിന്ന് ജപ്പാനിൽ കൊണ്ടുപോയതാണ്. ജപ്പാനിൽ പോയിട്ട് സീൻ എടുക്കാനല്ല ഇവൻ നോക്കിയത്, കടകൾ മുഴുവൻ തെണ്ടിനടക്കുകയാണ് ചെയ്തതെന്ന്. പക്ഷേ ശശിയേട്ടൻ അങ്ങനെ പറഞ്ഞില്ല. '- അദ്ദേഹം പറഞ്ഞു.