രജിസ്ട്രർ ഓഫീസിൽ ആൻസൻ പോളിന് കല്യാണം

Friday 09 May 2025 4:07 AM IST

ചെറുതും വലുതമായ ഒട്ടനവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ നടൻ ആൻസൻ പോൾ വിവാഹിതനായി. തിരുവല്ല സ്വദേശി നിധി ആൻ ആണ് വധു. തൃപ്പൂണിത്തുറ രജിസ്ട്രർ ഓഫീസിലായിരുന്നു വിവാഹം. ലളിതമായി നടത്തിയ വിവാഹ ചടങ്ങിൽ ഇരുവരുടെയും കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. പരസ്പരം മാല ചാർത്തിയശേഷം കേക്ക് മുറിച്ചാണ് ഇരുവരും വിവാഹം ആഘോഷമാക്കിയത്. യു.കെയിൽ സ്ഥിരതാമസമായിരുന്ന നിധി ഇപ്പോൾ നാട്ടിൽ ബിസിനസ് നടത്തുകയാണ്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.

ബൈജു എഴുപുന്ന സംവിധാനം ചെയ്ത കെ.ക്യു എന്ന ചിത്രത്തിൽ സഹസംവിധായകനായാണ് ആൻസൻ പോൾ ചലച്ചിത്ര ജീവിതം ആരംഭിച്ചത്. ഇൗ ചിത്രത്തിൽ ഒരു കഥാപാത്രത്തെയും അവതരിപ്പിച്ചു. സു സു സുധി വാത്മീകം, ആട് 2, ബാഡ് ബോയ്സ്, അബ്രഹാമിന്റെ സന്തതികൾ, മാർക്കോ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു. റാഹേൽ മകൻ കോര സിനിമയിൽ നായകനുമായി.