ഞെട്ടിക്കാൻ പ്രൊഫ.അമ്പിളിയും കൂട്ടരും വല ഫസ്റ്റ് ഗ്ലിംസ്
അഞ്ച് പതിറ്റാണ്ടിലേറെയായി മലയാളത്തിന്‍റെ ഹാസ്യ സാമ്രാട്ടായി ജനലക്ഷങ്ങളെ പൊട്ടിച്ചിരിപ്പിച്ച ജഗതി ശ്രീകുമാർ പ്രൊഫ.അമ്പിളിയായി ഞെട്ടിക്കുമെന്ന സൂചന നൽകി 'വല' ഫസ്റ്റ് ഗ്ലിംസ് പുറത്ത്. 'ഗഗനചാരി'ക്ക് ശേഷം അരുൺ ചന്തു ഒരുക്കുന്ന ചിത്രത്തിലൂടെ അതിഗംഭീര തിരിച്ചുവരവിനാണ് ജഗതി ഒരുങ്ങുന്നതെന്നാണ് വീഡിയോ കാണുമ്പോൾ മനസിലാകും. പ്രൊഫ. അമ്പിളിയുടെ ഡയലോഗുമായാണ് വീഡിയോ ആരംഭിക്കുന്നത്. വിഖ്യാതനായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ചശാസ്ത്രജ്ഞനുമായ സ്റ്റീഫൻ ഹോക്കിംഗിനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ചക്രകസേരയിലിരിക്കുന്ന രീതിയിലാണ് വീഡിയോയിൽ ജഗതിയെ കാണിച്ചിരിക്കുന്നത്. പ്രൊഫസർ അമ്പിളി അഥവാ അങ്കിൾ ലൂണാർ ആയി ജഗതി ശ്രീകുമാർ എത്തുമ്പോൾ താരയായി അനാർക്കലി മരിക്കാർ എത്തുന്നു. ബേസിൽ ജോസഫും, വിനീത് ശ്രീനിവാസനും ഗ്ലിംസ് വീഡിയോയിലുണ്ട്. ഗോകുൽ സുരേഷ്, മാധവ് സുരേഷ്, ഭഗത് മാനുവൽ|, അജു വർഗീസ് കെ. ബി. ഗണേശ്‍ കുമാർ, ജോൺ കൈപ്പള്ളിൽ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. ടർട്ടിൽ വൈൻ പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാണം ലെറ്റേഴ്‌സ് എന്‍റർടെയ്ൻമെന്റാണ്. ടെയ്‌ലർ ഡർഡനും അരുൺ ചന്തുവും ചേർന്നാണ് തിരക്കഥ . പി.ആർ.ഒ ആതിര ദിൽജിത്ത്.