മുത്തുവേൽ പാണ്ഡ്യൻ കോഴിക്കോട്, ഇന്ന് മുതൽ 20 ദിവസം ചിത്രീകരണം
രജനികാന്ത് - നെൽസൻ ചിത്രം ജയിലർ 2 തുടർ ചിത്രീകരണം ഇന്നുമുതൽ 20 ദിവസം കോഴിക്കോട് നടക്കും. ഫറോക്കിൽ ആണ് ചിത്രീകരണം. രജനികാന്ത് ഉൾപ്പെടുന്ന താരങ്ങൾ ഇൗ ഷെഡ്യൂളിലുണ്ട്. ജയിലർ 2 ന്റെ അട്ടപ്പാടിയിലെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായി. ജയിലറിൽ മാത്യു എന്ന കഥാപാത്രമായി എത്തിയ മോഹൻലാൽ രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മോഹൻലാൽ നായകനായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവം സിനിമയുടെ ലൊക്കേഷനിൽ കഴിഞ്ഞദിവസം നെൺസൻ എത്തി ചർച്ച നടത്തിയിരുന്നു.
മോഹൻലാലിന്റെ കഥാപാത്രം സംബന്ധിച്ച് ചർച്ച നടത്താനായിരുന്നു നെൽസൻ വന്നത്. ജയിലർ 2 ൽ മോഹൻലാൽ ഉണ്ടാകുമെന്നാണ് വിവരം. തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ജയിലറിൽ അതിഥി വേഷത്തിൽ എത്തിയ ശിവരാജ് കുമാറും രണ്ടാം ഭാഗത്തിൽ ഉണ്ടാകാനാണ് സാധ്യത. മലയാളി താരങ്ങളായ ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറമൂട്, ചെമ്പൻ വിനോദ്, കോട്ടയം നസീർ, സുജിത് ശങ്കർ എന്നിവർ ചിത്രത്തിന്റെ ഭാഗമാണ്. ജനുവരിയിൽ ഒരു പ്രൊമോ വീഡിയോയ്ക്കൊപ്പം ആണ് ജയിലർ 2 പ്രഖ്യാപനം നടന്നത്. മാർച്ചിൽ ആണ് ചിത്രീകരണം ആരംഭിച്ചത്. അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് നിർമ്മാണം.