മഹാരാജ രണ്ടാം വരവിന്

Friday 09 May 2025 3:07 AM IST

മഹാരാജയുടെ മികച്ച വിജയത്തിനുശേഷം രണ്ടാം ഭാഗവുമായി വിജയ് സേതുപതിയും സംവിധായകൻ നിഥിലൻ സ്വാമിനാഥനും. മഹാരാജ 2 എന്ന് പേരിട്ട ചിത്രത്തിന്റെ തിരക്കഥ എഴുത്തിലാണ് നിഥിലൻ സ്വാമിനാഥൻ. ഏഴുവർഷത്തെ ഇടവേളയെടുത്താണ് നിഥിലൻ മഹാരാജ എഴുതിയത്. 2017 ൽ കുരുങ്ങു ബൊമ്മയ് എന്ന ചിത്രം സംവിധാനം ചെയ്തു. മുടിവെട്ടുകാരൻ മഹാരാജയായി വിജയ് സേതുപതി തകർത്താടിയ ചിത്രമാണ് മഹാരാജ . താരത്തിന്റെ 50-ാമത്തെ ചിത്രമായ മഹാരാജ പോയവർഷം തമിഴിൽ റിലീസ് ചെയ്ത മികച്ച സിനിമകളിലാെന്നാണ്. 100 കോടി ക്ളബിൽ ഇടംപിടിച്ച ചിത്രത്തിൽ അനുരാഗ് കശ്യപ്, നട്ടി നടരാജ്, ഭാരതിരാജ, അഭിരാമി, മംമ്ത മോഹൻദാസ്, സിംഗംപുലി, അരുൾദോസ്, മുനിഷ് കാന്ത് എന്നിവരും പ്രധാന വേഷത്തിൽ എത്തി.

ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് അജനീഷ് ലോകനാഥാണ് സംഗീതം. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധരൻ സുന്ദരം ആണ് നിർമ്മിച്ചത്.