ആയിക്കര ഐസ് പ്ലാന്റിൽ അമോണിയം ചോർന്നു

Thursday 08 May 2025 8:17 PM IST

കണ്ണൂർ:ആയിക്കരയിലെ മോഡേൺ ഐസ് പ്ലാന്റിൽ അമോണിയം ചോർന്നു. ഇന്നലെ പുലർച്ചെയാണ് ചോർച്ചയുണ്ടായത്. കണ്ണൂർ അഗ്‌നിശമന രക്ഷാസേന സ്റ്റേഷൻ ഓഫിസർ ടി. അജയന്റെ നേതൃത്വത്തിൽ മണിക്കൂറുറുകൾക്കുള്ളിൽ ചോർച്ച പരിഹരിച്ചു. ഇന്നലെ പുലർച്ചെ അഞ്ചോടെ വാൾവിലെ ലീക്കിനെ തുടർന്നുണ്ടായ അമോണിയം ചോർച്ച ശ്രദ്ധയിൽപ്പെട്ട ഉടൻ പ്ലാന്റ് ഉടമ പള്ളിക്കുന്ന് സ്വദേശി സിറാജുദ്ദീന്‍ ഫയർ ഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് പ്ലാന്റിലുള്ളവരുടെ സഹായത്തോടെ ഏഴോടെ ചോർച്ച അടക്കുകയായിരുന്നു. സമീപത്തെ മൂന്ന് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഐസ് പ്ലാന്റിൽ ഉടമയും തൊഴിലാളികളും സംഭവ സമയം സ്ഥലത്തുണ്ടായിരുന്നു. അസി.സ്റ്റേഷൻ ഓഫിസർ സി ഡി റോയ്, സീനിയർ ഫയർ ഓഫിസർ വി.കെ.അഫ്‌സൽ, കെ.രഞ്ജു, രഗിൻ കുമാർ, സച്ചിൻ, ഷിജു, സുകേഷ്, ശിൽപ്പ, നസീർ എന്നിവരുൾപ്പെട്ട സംഘമാണ് ചോർച്ച പരിഹരിച്ചത്.