വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന നമ്പർ പ്ലേറ്റില്ലാത്ത വാഹനങ്ങൾ കണ്ടെത്തി

Friday 09 May 2025 1:46 AM IST

കാട്ടാക്കട: പൂവച്ചൽ ഉണ്ടപ്പാറയിൽ വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന നമ്പർ പ്ലേറ്റില്ലാത്തതുൾപ്പെടെ 15 ഓളം വാഹനങ്ങളും 25ലധികം ആർ.സി ബുക്കുകളും കാട്ടാക്കട പൊലീസ് കണ്ടെത്തി. കാട്ടാക്കട എസ്.എച്ച്.ഒ മൃദുൽ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. 15ഓളം ബൈക്കുകൾ, ഒരു കാർ എന്നിവ പിടിച്ചെടുത്തു. മൂന്ന് ബൈക്കുകൾ പാർട്സ് പൊളിച്ചു മാറ്റിയ നിലയിലും കണ്ടെത്തി. പണയം എടുത്ത വാഹനങ്ങളാണ് കൂടുതലെന്നാണ് സൂചന. യൂസ്ഡ് വാഹനങ്ങൾ വില്പന നടത്തുന്നതിന്റെ മറവിലാണ് വാഹനങ്ങൾ വാങ്ങി വച്ച് പണം നൽകിയിരുന്നത്. പുതിയതും പഴയതുമായ വാഹനങ്ങൾ അനുമതിയില്ലാതെ പാർട്ട്സുകൾ പൊളിച്ച് വില്പന നടത്തുന്നുണ്ടെന്ന് പൊലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ആരെയും പിടികൂടിയിട്ടില്ല. ഇവിടെ വാഹനങ്ങൾ പണയപ്പെടുത്തിയവരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.