'പാകിസ്ഥാന് ഇപ്പോൾ ചൈനയുടെയും പിന്തുണ ഇല്ല, പാക് അനുകൂല നിലപാട് സ്വീകരിക്കാത്തതിന് കാരണമുണ്ട്'
തിരുവനന്തപുരം : ഇന്ത്യ- പാകിസ്ഥാന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൈന പാകിസ്ഥാൻ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് ഡോ. ശശി തരൂർ എം.പി വ്യക്തമാക്കി. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് പാകിസ്ഥാനെ ചൈന പിന്തുണയ്ക്കാത്തതെന്നും തരൂർ പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമായി കൊണ്ടിരിക്കുകയാണെന്ന് ചൈനയ്ക്കറിയാം. തീരുവകൾ വർദ്ധിപ്പിക്കുന്ന ട്രംപിന്റെ കാലത്ത് ചൈനയ്ക്ക് ഇന്ത്യൻ വിപണി ആവശ്യമാണ്. ഒരു യുദ്ധം ഉണ്ടായിരുന്നെങ്കിൽ അവർ പാകിസ്ഥാനെ പിന്തുണയ്ക്കുമായിരുന്നു. എന്നാൽ ഒരു യുദ്ധം തടയാൻ ചൈന ക്രിയാത്മക സമീപനം സ്വീകരിക്കുമെന്നും തരൂർ കൂട്ടിച്ചേർത്തു.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ- പാക് സംഘർഷം മൂർച്ഛിക്കുമ്പോൾ എല്ലാ രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ആണവ ശക്തികൾ തമ്മിലുള്ള യുദ്ധം ആരും കാണാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ ലോകരാജ്യങ്ങളുടെ പ്രതികരണം സ്വാഭാവികമാണെന്ന് ശശി തരൂർ പറഞ്ഞു. റഷ്യ, ഫ്രാൻസ്, ഇസ്രയേൽ എന്നീ രാജ്യങ്ങൾ മാത്രമാണ് ഭീകരതയ്ക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെ കുറിച്ച് വ്യക്തമായ നിലപാട് പ്രഖ്യാപിച്ചത്. 2001ലെ ന്യൂയോർക്ക് വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന് ശേഷം അഫ്ഗാനിസ്ഥാനെതിരെ ഏറ്റവും ശക്തമായി പ്രതികരിച്ചത് അമേരിക്കയാണ്. അതിനാൽ ഭീകരതയ്ക്കെതിരെ അമേരിക്ക എന്തെങ്കിലും പറയണമായിരുന്നു എന്നും തരൂർ ചൂണ്ടിക്കാണിച്ചു .