ടെൻഡറിന് ശേഷം ഉഴപ്പിയ കരാറുകാർക്കെതിരെ കോർപറേഷൻ നടപടി

Thursday 08 May 2025 9:51 PM IST

കണ്ണൂർ : ടെൻഡ‌ർ നടപടികൾ പൂർത്തിയാക്കിയിട്ടും റോഡ് പ്രവൃത്തി തുടങ്ങാത്ത കരാറുകാർക്കെതിരെ നടപടിയെടുക്കാൻ ഇന്നലെ ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ തീരുമാനം.

കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ കാരണം കോർപ്പറേഷൻ ഡിവിഷനുകളിലെ റോഡ് നിർമ്മാണം അനിശ്ചിതത്വത്തിലായത് കൗൺസിലർമാർ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണിത്.

പല റോഡുകളുടെയും ടെൻഡ‌ർ നടപടികൾ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല.ടെൻഡ‌ർ നടപടി പൂർത്തിയാക്കിയവരിൽ എഗ്രിമെന്റ് വെക്കാൻ കരാറുകാർ തയാറാകുന്നില്ല. കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥത കാരണം കോർപ്പറേഷനിൽ യാതാരു വികസനവും നടത്താൻ സാധിക്കുന്നില്ലെന്നും കൗൺസിലർമാർ പരാതിപ്പെട്ടു.

കോർപ്പറേഷനുമായി ബന്ധപ്പെട്ട കേസുകളിലെ വക്കീൽ ഫീസുമായി ബന്ധപ്പെട്ടും ജില്ലാ പഞ്ചായത്ത് പദ്ധതിയായ മഴമാപിനി കോർപ്പറേഷൻ പരിധിയിൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടും കൗൺസിലർമാർ തമ്മിൽ തർക്കമുണ്ടായി.

കോർപ്പറേഷൻ പരിധിയിലെ അനധികൃത കെട്ടിടങ്ങൾ പൊളിച്ച് നീക്കാൻ കോടതി ഉത്തരവുണ്ടായിട്ടും നടപടിയെടുക്കുന്നില്ലെന്ന് യു.ഡി.എഫിലെ കെ.എം.സാബിറ കൗൺസിലിനെ അറിയിച്ചു.ഡെപ്യൂട്ടി മേയർ പി.ഇന്ദിര,സ്റ്റാൻ‌ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ സുരേഷ് ബാബു എളയാവൂർ, എ.പി.രാജേഷ്, കൗൺസിലർമാരായ പി.പി.വത്സൻ, വി.കെ.ഷൈജു, കെ.പ്രദീപൻ, എസ്. ഷഹീദ, ചിത്തിര ശശിധരൻ എന്നിവർ പങ്കെടുത്തു.

അമിത പെർമിറ്റ് ഫീസ് തിരിച്ചുനൽകണം

അമിതമായി ഈടാക്കിയ പെർമിറ്റ് ഫീസ് തിരിച്ചു ലഭിക്കുന്നതിനായി സാധാരണക്കാർ നിരന്തരമായി ഓഫീസ് കയറിയിറങ്ങേണ്ട സ്ഥിതിയാണെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ പി.കെ.രാഗേഷ് കുറ്റപ്പെടുത്തി. അമിതമായി ഈടാക്കിയ തുക തിരിച്ച് കൊടുക്കണമെന്ന സർക്കാർ ഉത്തരവ് പ്രകാരം അടച്ച ഫീസ് തിരിച്ചു കിട്ടുന്നതിനുള്ള അവകാശം അപേക്ഷകർക്കുണ്ട്. ഇത് തിരികെ നൽകുന്നതിനുള്ള തീരുമാനം കൗൺസിൽ എടുക്കണമെന്നും ഇതിന്റെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും കൗൺസിലർമാരായ ടി.ഒ.മോഹനനും ടി.രവീന്ദ്രനും ആവശ്യപ്പെട്ടു.

ടെൻഡർ നടപടി പൂർത്തിയാക്കിയിട്ടും എഗ്രിമെന്റ് വെക്കുകയോ പണി തുടങ്ങുകയോ ചെയ്യാത്ത കരാറുകാരിൽ നിന്നും പിഴയീടാക്കും.

മേയർ മുസ്‌ലിഹ് മഠത്തിൽ